NEWS

ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു


ടെഹ്റാൻ ∙ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര ഘട്ടത്തിലേക്ക്. ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിക്കുന്നതിനായി തുടർച്ചയായ ആറാം രാത്രിയും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ സൈനിക ശേഷി പൂർണമായും തകർക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കുമ്പോൾ, യുഎസ് ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു.ഹോർമുസ്ഗാനിൽ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തന്ത്രപ്രധാന ദ്വീപായ ക്യൂഷിം, ബന്ദർ അബ്ബാസ് എന്നിവയ്ക്ക് പുറമെ ഇറാന്റെ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെറിലും യുഎസ് മിസൈലുകൾ പതിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ്ഗാൻ പ്രവിശ്യയിലെ രണ്ട് പ്രധാന പാലങ്ങളും യുഎസ് ആക്രമണത്തിൽ തകർന്നു. ഇതിൽ ബന്ദർ അബ്ബാസിനു പടിഞ്ഞാറുള്ള ഒരു പാലം തകർന്നതായി ബിബിസി സ്ഥിരീകരിച്ചിട്ടുണ്ട്. ചർച്ചകൾക്ക് തയാറായില്ലെങ്കിൽ ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.


Fashion ⏭️

Back to top button