NEWS
മഴയ്ക്ക് പകരം കനത്ത ചൂടുമായി വെയിൽ തെളിഞ്ഞു; വെള്ളം വറ്റിയ വയലിലും തോട്ടിലും മീൻപിടിത്തം

പടിഞ്ഞാറത്തറ ∙ മഴ തിമിർത്ത് പെയ്ത് വെള്ളം നിറഞ്ഞ് കൃഷിപ്പണികൾ തകൃതിയായി നടക്കേണ്ട സമയത്ത് ആശങ്കയുടെ മറ്റൊരു കാഴ്ചയാണ് തോട്ടിലും വയലുകളിലും അരങ്ങേറുന്നത്. കാലവർഷത്തിൽ വെള്ളം കയറിയ വയലിൽ നിന്ന് വെള്ളം ഇറങ്ങുമ്പോൾ നടക്കുന്ന മീൻപിടിത്തം ആണ് ഇപ്പോൾ പലയിടങ്ങളിലും സജീവമാകുന്നത്. മഴയ്ക്ക് പകരം കനത്ത ചൂടുമായി വെയിൽ തെളിഞ്ഞതോടെ വെള്ളം വറ്റിയ വയലിലും തോട്ടിലും അവശേഷിക്കുന്ന ചെളിയിൽ കുരുങ്ങിയ മീനിനെ തിരഞ്ഞു പിടിക്കുകയാണ് പ്രദേശവാസികൾ. മഴക്കാലത്തിന്റെ അവസാന നാളുകളായ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇത് പതിവ് കാഴ്ചയാണെങ്കിലും ജൂലൈ മാസത്തിൽ ഇത്തരം കാഴ്ച ഏറെ അപൂർവമാണ്. വെള്ളം കയറിയ വലയിൽ വല വീശി മീൻ പിടിക്കേണ്ട കാലത്താണു വെള്ളം വറ്റിയ വയലിലെ ചെളിയിൽ മീനിനെ തിരയുന്നത്. പ്രാദേശിക വിളിപ്പേരുള്ള ചക്കമുള്ളൻ, കൈച്ചൽ മീനുകളാണ് ലഭിക്കുന്നവയിൽ മിക്കതും. മീൻപിടിത്തം നാട്ടുകാർ വിനോദമാക്കുമ്പോഴും കൃഷി ഇറക്കാനാവാത്ത ആശങ്കയിൽ കൃഷിയിടം നോക്കി നെടുവീർപ്പിടുകയാണ് കർഷകർ.മിഥുനമാസത്തിൽ മഴപെയ്ത് പാടങ്ങൾ നിറയെ വെള്ളംകെട്ടി നിന്ന് ഉറവയായി സമീപ പ്രദേശങ്ങളിലേക്കൊഴുകുന്നതും കുളങ്ങൾ നിറയുന്നതുമെല്ലാം പഴയകാഴ്ചകളായി മാറിയെന്ന് കർഷകർ പറയുന്നു. നെൽക്കൃഷി മുടങ്ങിയാൽ നാടിന്റെ ഭക്ഷ്യോൽപാദന ഭദ്രത തന്നെ തകരും. വനയോര ഗ്രാമങ്ങളിലെ ഒട്ടേറെ കർഷകരുടെ ജീവിതമാർഗം മുടങ്ങാതെ നടത്തുന്ന നെൽക്കൃഷിയാണ്.
Fashion ⏭️


