BUSINESS

ബൈജുവിന് വീണ്ടും തിരിച്ചടി, 6 മാസത്തെ തടവുശിക്ഷയിൽ സ്റ്റേയില്ല, സിംഗപ്പൂരിലെത്തിയാൽ അറസ്റ്റ്?, വാദം തുടരുമെന്ന് അഭിഭാഷകർ


മലയാളി സംരംഭകനും എഡ്ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് സ്ഥാപകനുമായ ബൈജു രവീന്ദ്രന് വീണ്ടും കുരുക്ക്. ആറുമാസത്തെ തടവുശിക്ഷ സ്റ്റേ ചെയ്യാനുള്ള ബൈജുവിന്റെ അപേക്ഷ സിംഗപ്പൂർ ഹൈക്കോടതി തള്ളി. ആസ്തി വിവരങ്ങൾ വെളിപ്പെടുത്താനുള്ള നിർദേശം ലംഘിച്ചതിനെ തുടർന്നാണ് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി സിംഗപ്പൂർ കോടതി കഴിഞ്ഞ മേയിൽ 6 മാസം തടവുശിക്ഷ വിധിച്ചത്. ഉടൻ കീഴടങ്ങാൻ നിർദേശിച്ച കോടതി 70,500 ഡോളർ കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബൈജു സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഇതോടെ സിംഗപ്പൂരിൽ തിരിച്ചെത്തിയാൽ ബൈജുവിന് അറസ്റ്റ് വരിക്കേണ്ടി വരും. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ കീഴിലുള്ള ഖത്തർ ഹോൾഡിങ്സ് നൽകിയ കേസിലാണ് സിംഗപ്പൂർ കോടതി 6 മാസത്തെ തടവു ശിക്ഷ വിധിച്ചത്. തന്റെ ആസ്തി വിവരങ്ങൾ വെളിപ്പെടുത്താൻ ബൈജു രവീന്ദ്രനോട് 2024 മുതൽ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്. അടുത്ത വാദം കേൾക്കുന്നതു വരെ സ്റ്റേയും കോടതി അനുവദിച്ചിരുന്നു. അതേസമയം, ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ മാത്രമാണ് കഴിഞ്ഞ ദിവസം വാദം നടന്നതെന്നും കേസിലെ അപ്പീൽ നടപടികൾ തുടരുമെന്നും ബൈജു രവീന്ദ്രന്റെ അഭിഭാഷകർ വ്യക്തമാക്കി. അപ്പീൽ കോടതി കൂടി ശരിവച്ചാൽ മാത്രമേ ശിക്ഷ നടപ്പിലാവുകയുള്ളൂ. ബൈജു രവീന്ദ്രൻ നിലവിൽ സിംഗപ്പൂരിലിൽ ഇല്ല. അടുത്തെങ്ങും സിംഗപ്പൂരിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല. ഇനി അങ്ങനെയൊരു സാഹചര്യം വന്നാൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും അഭിഭാഷകർ വ്യക്തമാക്കി. ഏകദേശം 11,500 കോടി രൂപയുടെ വായ്പാത്തിരിച്ചടവ് മുടക്കിയതുമായി ബന്ധപ്പെട്ട് ബൈജു ഉൾപ്പെടെയുള്ള ബൈജൂസ് സ്ഥാപകർക്കെതിരെ യുഎസ് ധനകാര്യ സ്ഥാപനങ്ങൾ നൽകിയ കേസിന്മേൽ യുഎസിലും ഇന്ത്യയിലും കോടതികളിൽ കേസുകളുണ്ട്. ബൈജു സ്ഥാപിച്ച ‘തിങ്ക് ആൻഡ് ലേൺ’ ആണ് ബൈജൂസിന്റെ മാതൃകമ്പനി. കോവിഡ് കാലത്തും മറ്റും ഓൺലൈൻ പഠനത്തിന് പ്രിയമേറിയത് ബൈജൂസിന് വൻ നേട്ടമായിരുന്നു. ഈ രംഗത്തെ എതിരാളികളായ കമ്പനികളെ ഉൾപ്പെടെ ഏറ്റെടുത്ത് ബൈജൂസ് മുന്നേറുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ, സാമ്പത്തിക അച്ചടക്കം പാളിയതോടെ കമ്പനിയിൽ ബൈജുവിന്റെ തീരുമാനങ്ങളും പാളി. വായ്പാത്തിരിച്ചടവ് മുടങ്ങിയതിനാൽ പാപ്പരത്ത നടപടികളിലേക്ക് ബൈജൂസ് വീഴുകയായിരുന്നു. 


Travel ⏭️

Back to top button