NEWS
വിവാദ യുട്യൂബർ ‘തൊപ്പി’ എവിടെ? മുഹമ്മദ് നിഹാദിനെ തേടി പൊലീസ്

കൊച്ചി ∙ അശ്ലീല ദൃശ്യങ്ങൾ പങ്കുവച്ച കേസിൽ വിവാദ യുട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ തേടി പൊലീസ്. നിഹാദ് വിദേശത്തേക്കു കടക്കാൻ സാധ്യതയുള്ളതിനാൽ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചേക്കും. നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ഈ നീക്കം. ഇയാൾക്കെതിരെ ലഹരിമരുന്ന് ഉപയോഗം, പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് തൊപ്പിയുടെ യുട്യൂബ് ചാനൽ കഴിഞ്ഞ ദിവസം പൊലീസ് നിർദേശപ്രകാരം നീക്കം ചെയ്തിരുന്നു. നിലവിൽ ഒളിവിലുള്ള പ്രതിക്കായി കണ്ണൂരും കൊച്ചിയിലും പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങൾ പങ്കുവച്ചെന്ന കേസിലാണ് തൊപ്പിയുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തത്. പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു യുട്യൂബിന്റെ ഈ അടിയന്തര നടപടി. സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ അടക്കം ചാനലിലൂടെ പ്രദർശിപ്പിച്ച സംഭവത്തിൽ എറണാകുളം റൂറൽ സൈബർ പൊലീസ് ഐടി നിയമപ്രകാരം നിഹാദിനെതിരെ നേരത്തേ കേസെടുത്തിരുന്നു. നിഹാദിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുകയും സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷം സൈബർ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Instagram/_mrz_thoppii_എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
Fashion ⏭️


