NEWS

കിട്ടുന്നത് ഭക്ഷണത്തിനു പോലും തികയില്ല, യുദ്ധത്തിൽ ‘വീണ്ടും തകർന്ന്’ ഇറാനിലെ സാമ്പത്തിക രംഗം, എണ്ണപ്പണം എത്തിയിട്ടും രക്ഷയില്ല


വർഷങ്ങളായി തുടരുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി ഇറാനിലെ സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയെന്ന് വിവരം. പലർക്കും ലഭിക്കുന്ന ശമ്പളം കുടുംബത്തിന്റെ ഭക്ഷണ ആവശ്യങ്ങൾക്ക് മാത്രമാണ് തികയുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. സർക്കാർ സബ്സിഡികൾ നൽകുന്നുണ്ടെങ്കിലും പണപ്പെരുപ്പം പിടിവിട്ടു കുതിച്ചതോടെ ചെലവുകൾ കൈവിട്ടു പോവുകയാണെന്നും റിപ്പോർട്ടുകൾ. ഇറാനിൽ ശരാശരി ശമ്പളം വാങ്ങുന്ന ഒരു വിവാഹിതന് മൂന്നു പേരടങ്ങുന്ന കുടുംബത്തിന്റെ ഭക്ഷണ ചെലവുകൾക്കായി ചെലവിടേണ്ടി വരുന്നത് 78 ലക്ഷം ഇറാനിയൻ റിയാലാണെന്നാണ് കണക്ക്. ഇതോടെ വാടക, ഗതാഗതം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ചെലവുകൾക്കായി കുടുംബങ്ങൾ ബുദ്ധിമുട്ടുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 2026ൽ ഇറാനിലെ സമ്പദ്‍വ്യവസ്ഥ 6.1% ഇടിയുമെന്നാണ് രാജ്യാന്തര നാണ്യ നിധിയുടെ (ഐഎംഎഫ്) കണക്കുകൂട്ടൽ. 2025ൽ ഇറാനിലെ സാമ്പത്തിക രംഗം ശരാശരി 1.6 ശതമാനം ചുരുങ്ങിയിരുന്നു. ഇതിനൊപ്പം വിലക്കയറ്റം വർധിച്ചതും സ്ഥിതി രൂക്ഷമാക്കി. കഴിഞ്ഞ വർഷം ഉപഭോക്തൃ വിലക്കയറ്റം 50 ശതമാനമായിരുന്നത് ഇക്കൊല്ലം 68.9 ശതമാനമെങ്കിലും എത്തിയേക്കും. പല ഭക്ഷണ സാധനങ്ങളുടെയും വിലക്കയറ്റം കുടുംബങ്ങൾക്ക് താങ്ങാനാകാത്ത വിധത്തിലായിട്ടുണ്ട്. ഇറാൻ സ്റ്റാറ്റിസ്റ്റിക്കൽ സെന്ററിന്റെ കണക്കു പ്രകാരം ഇറാനിലെ വാർഷിക വിലക്കയറ്റം നിലവിൽ 66 ശതമാനമാണ്. മുൻവർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് വിലക്കറ്റം 88 ശതമാനത്തിലെത്തി. ഭക്ഷണ വിലക്കയറ്റം മുൻവർഷത്തേക്കാൾ 130 ശതമാനം വർധിച്ചു. മാംസം, പാൽ തുടങ്ങിയവയുടെ വില 180 ശതമാനവും കൂടി. എന്നാൽ ഔദ്യോഗിക കണക്കുകളേക്കാൾ രൂക്ഷമാണ് വിലക്കയറ്റമെന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. അതിനിടെ ഇറാന് പൊതുവിപണിയിൽ എണ്ണവിൽക്കാൻ നൽകിയിരുന്ന അനുമതിയും യുഎസ് ട്രഷറി വകുപ്പ് റദ്ദാക്കി. ഹോർമുസിൽ ചരക്കുകപ്പലിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലാണ് യുഎസിന്റെ നീക്കം. ചരക്കുകപ്പലുകളെ ആക്രമിക്കുന്ന ഇറാന്റെ നീക്കം അംഗീകരിക്കാൻ സാധിക്കില്ലെന്നും തിരിച്ചടിയുണ്ടാകുമെന്നും യുഎസ് മുന്നറിയിപ്പു നൽകിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ഉടമ്പടി നിലവിൽ വന്നതോടെ ഓഗസ്റ്റ് 21 വരെയാണ് ഇറാന് എണ്ണവിൽക്കാൻ അനുമതി നൽകിയിരുന്നത്.


Source link

Back to top button