CINEMA

മലയാളിയുടെ പ്രണയസ്വരം; ഗംഗോത്രി ഓപ്പണ്‍ ഓഡിറ്റോറിയത്തിലെ അവസാന സ്‌റ്റേജിലും വേദിയെ കയ്യിലെടുത്ത രണ്ട് ഗാനങ്ങള്‍


എസ് ജാനകി

മൈസൂരു: മലയാളികളുടെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ചാണ് ‘ജാനകി അമ്മ’ മടങ്ങുന്നത്. 20 ഭാഷകളിലായി 48,000 ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട് ആ സ്വരമാധുര്യത്തില്‍. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ജാപ്പനീസ്, സിംഹള, ജര്‍മ്മന്‍, അറബിക് എന്നീ ഭാഷകളിലും അവര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എന്നാല്‍ മലയാളിയുടെ നിത്യഹരിത ഗാനങ്ങളില്‍ പലതും തലമുറകള്‍ താണ്ടി ഇന്നും നിലനില്‍ക്കുന്നതിന് ഒരേയൊരു കാരണം കൂടിയാണ് എസ്. ജാനകി.


2017 ഒക്ടോബറില്‍ തന്റെ അവസാന പൊതു സംഗീത വേദിയിലും മലയാള ഗാനങ്ങള്‍ ആലപിച്ചിരുന്നു. മൈസൂരുവിലെ മാനസ ഗംഗോത്രി ഓപ്പണ്‍ ഓഡിറ്റോറിയത്തിലായിരുന്നു ആ വലിയ സംഗീത നിശ. പ്രണയാര്‍ദ്ര സ്വരത്തിന്റെ മാധുര്യമെന്നാല്‍ മലയാളിക്ക് അത് എസ് ജാനകിയാണ്. അതുകൊണ്ട് തന്നെ തിങ്ങി നിറഞ്ഞ ആ അവസാന സംഗീത വേദിയില്‍ മലയാളികളുമുണ്ടായിരുന്നു. മുഖത്ത് എല്ലായിപ്പോഴുമുള്ള ആ ചിരി അല്‍പ്പം കണ്ണീരണിഞ്ഞാണ് അവസാന വേദിയില്‍ തെളിഞ്ഞത്.


അവസാന വേദിയിലും പ്രായത്തിന്റേതായ ഒരു തളര്‍ച്ചയും പ്രകടിപ്പിക്കാതെയാണ് ജാനകി അമ്മ പാടി നിര്‍ത്തിയത്. വിവിധ നാടുകളില്‍ നിന്ന് പരിപാടി കാണാനെത്തിയവര്‍ ആവശ്യപ്പെട്ട ഗാനങ്ങളും അന്ന് അവര്‍ ആലപ്പിച്ചിരുന്നു. മലയാളിയുടെ ഇഷ്ടഗാനങ്ങളും മാനസ ഗംഗോത്രിയെ കോരിത്തരിപ്പിച്ചു. മദനോത്സവം എന്ന ചിത്രത്തിലെ ‘സന്ധ്യേ കണ്ണീരിലെന്തേ…?’ എന്ന ഗാനവും ‘നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…’ എന്ന സൂപ്പര്‍ഹിറ്റ് ഗാനവുമാണ് മലയാളത്തില്‍ നിന്ന് അവര്‍ പാടിയത്.


1957ല്‍ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുള്‍ മൂടുകയോ എന്‍ വഴിയില്‍’ എന്ന ഗാനമാണ് മലയാളത്തില്‍ ആദ്യമായി പാടിയത്. അവിടെ നിന്നങ്ങോട്ട് എണ്ണിയാലൊതുങ്ങാത്ത ഗാനങ്ങള്‍. അവസാന വേദിക്ക് ശേഷം പാട്ട് നിര്‍ത്തരുത് അമ്മേ എന്ന ആരാധകരുടെ ആവശ്യത്തെപ്പോലും സ്‌നേഹപൂര്‍വം നിരസിച്ചാണ് അവര്‍ വിശ്രമജീവിതത്തിലേക്ക് കടന്നത്.


Source link

Back to top button