NEWS

പ്രഖ്യാപിച്ച പൊന്മുടി– ബ്രൈമൂർ റോപ്‌വേ എവിടെ ? ശബരിമല, മൂന്നാർ, വയനാട് പദ്ധതികൾക്ക് തത്വത്തിൽ അംഗീകാരം


വിതുര ∙ കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്കരിയുമായി കൂടിക്കാഴ്ചയിൽ ശബരിമല, മൂന്നാർ, വയനാട് റോപ്‌വേ നിർമിക്കാൻ തത്വത്തിൽ അംഗീകാരം ലഭിച്ചതായി പി.കെ.ബഷീർ പറഞ്ഞതിനു പിന്നാലെ പൊന്മുടി– ബ്രൈമൂർ റോപ്‌വേ പദ്ധതിയും ചർച്ചകളിലേക്ക്. സംസ്ഥാനത്ത് മൂന്ന് റോപ്‌വേകൾ യാഥാർഥ്യമാകുമെന്ന വിവരം സന്തോഷത്തോടെ സ്വീകരിക്കുന്നവർ പൊന്മുടി– ബ്രൈമൂർ റോപ്‌വേ പദ്ധതിയുടെ നിലവിലെ അവസ്ഥ തിരയുകയാണ്. 2017 ൽ അന്നത്തെ എംഎൽഎ ഡി.കെ.മുരളിയുടെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി റോപ്‌വേ നിർമിക്കാനും മുന്നോടിയായുള്ള സാങ്കേതിക പഠനത്തിനും തുക വകയിരുത്തുമെന്ന് അന്ന് മന്ത്രി ആയിരുന്ന കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിരുന്നു. പ്രഖ്യാപനവും പ്രാഥമിക സാധ്യത പഠനങ്ങളും നടന്നെങ്കിലും പിന്നീട് കാര്യമായൊന്നും പദ്ധതി സംബന്ധിച്ച് നടന്നതായി കേട്ടില്ല.2016 ലെ എൽഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ആയിരുന്നു റോപ്‌വേ പദ്ധതി. 2024 ലെ ബജറ്റിൽ റോപ്‌വേ പദ്ധതിയുടെ പഠനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. പക്ഷേ പഠന വെറും ഒരു യോഗത്തിൽ ഒതുങ്ങി. പൊന്മുടി– ബ്രൈമൂർ കാനന പാതയുടെ കാര്യത്തിലും പുരോഗതി ഉണ്ടായിട്ടില്ല. ഇപ്പോൾ തത്വത്തിൽ അംഗീകാരം ലഭിച്ച റോപ്‌വേ പദ്ധതികൾക്കൊപ്പം പൊന്മുടിയിലും കേന്ദ്ര സർക്കാർ നേരത്തേ പഠനം നടത്തിയിരുന്നതാണ്. വയനാട്ടിൽ അനുമതിയായി. പർവതമാല പരിയോജന പദ്ധതി പ്രകാരം റോപ്‌വേ പദ്ധതികൾ നടപ്പിലാക്കാൻ പഠനം നടത്തിയത്. മറ്റിടങ്ങളിൽ യാഥാർഥ്യമാകുമെന്ന വിവരം വന്നു. പക്ഷേ പൊന്മുടിയുടെ കാര്യം അനിശ്ചിതത്വത്തിലാണ്. ഇതിന്റെ കാരണം വ്യക്തമല്ല. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.


Source link

Back to top button