NEWS

തുടക്കത്തിൽ ഓഹരിക്ക് 15 പൈസ; വിൽക്കുന്നത് 574 രൂപയ്ക്ക്, എസ്ബിഐക്ക് ‘ലോട്ടറിയടിക്കും’, ‘ഫണ്ട്’ ഓഹരി വിൽപന 14 മുതൽ


ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐക്ക് ഉടൻ ‘ലോട്ടറിയടിക്കും’. തുടക്കത്തിൽ വെറും 15 പൈസ മൂല്യമുണ്ടായിരുന്ന ഓഹരി വിറ്റഴിക്കുന്നത് 574 രൂപയ്ക്ക്. 15 പൈസവച്ച് കണക്കാക്കുമ്പോൾ 1.92 കോടി രൂപമാത്രം. ആകെ മൂല്യമുള്ള ഓഹരികൾ വിറ്റഴിക്കുമ്പോൾ കൈയിൽ കിട്ടുന്നത് 574 രൂപപ്രകാരം 7365 കോടി രൂപ. ഇതല്ലേ ലോട്ടറി.ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്പനികളിലൊന്നായ എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ലിമിറ്റ‍ഡിന്റെ പ്രാരംഭ ഓഹരി വിൽപനയാണ് (ഐപിഒ) എസ്ബിഐക്ക് ജാക്ക്പോട്ട് ആകുന്നത്. ഐപിഒ ജൂലൈ 14ന് ആരംഭിക്കും. ജൂലൈ 16വരെയാണ് സബ്സ്ക്രിപ്ഷൻ ചെയ്യാൻ അവസരം. ഓഹരിക്ക് 545-574 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. 20.37 കോടി ഓഹരികൾ വിറ്റ് 11,692.91 കോടി രൂപ സമാഹരിക്കാനാണ് എസ്ബിഐ ഫണ്ട്സിന്റെ ശ്രമം. എസ്ബിഐ ഫണ്ട്സിൽ 61.73 ശതമാനം ഓഹരി വിഹിതമാണ് എസ്ബിഐയ്ക്കുള്ളത്. അല്ലെങ്കിൽ 126 കോടി ഓഹരികൾ. ആദ്യഘട്ടത്തിൽ 19 കോടി രൂപയാണ് എസ്ബിഐ ഇതിൽ നിക്ഷേപിച്ചത്. അതായത് ഓഹരിയൊന്നിന് 0.15 രൂപ വീതം. അപ്പർ ബാൻഡായ 574 രൂപയിൽ ഓഹരി ലിസ്റ്റ് ചെയ്താൽ എസ്ബിഐയുടെ ഓഹരിവിഹിതം 68,670 കോടി രൂപയായി വർധിക്കും. ഏകദേശം 3600 മടങ്ങ് വർധന. നിലവിൽ 12.83 കോടി ഓഹരികളാണ് എസ്ബിഐ വിൽക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 0.15 രൂപ കണക്കാക്കിയാൽ ഇതിന്റെ മൂല്യം 1.92 കോടി രൂപമാത്രം. ലിസ്റ്റിങ്ങിനു ശേഷം ഇത് 7366 കോടി രൂപയായി മാറും. അതായത് എസ്ബിഐ ഫണ്ട്സ് ഐപിഒയിലൂടെ എസ്ബിഐയുടെ ലാഭം 7365 കോടി രൂപയാണ്. ഇനി ഏറ്റവും താഴ്ന്ന വിലയായ 545 രൂപയിൽ ലിസ്റ്റ് ചെയ്താൽ പോലും എസ്ബിഐയുടെ ലാഭം 6994 കോടി രൂപയാണെന്നും കണക്ക്. 


Source link

Back to top button