NEWS
ഫ്ലൈ ഓവറിന്റെ ബീമുകളിലൊന്നിൽ നേരിയ വളവ്: ദേശീയപാത നിർമാണം ഒരു‘വഴി’യായി; അശാസ്ത്രീയതയെച്ചൊല്ലി വീണ്ടും ആശങ്ക

കൊല്ലം ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നിർമിച്ച ഫ്ലൈ ഓവറിന്റെ ബീമുകളിലൊന്നിൽ നേരിയ വളവ് കണ്ടെത്തി. പരിഹാരമെന്നോണം ബീമുകൾ കൂട്ടിയോജിപ്പിച്ചു കൊണ്ടു ഇരുമ്പു ചട്ടക്കൂട് (സ്റ്റീൽ സ്ട്രക്ചർ കണക്‌ഷൻ) സ്ഥാപിച്ചു. മണ്ണിട്ടുയർത്തി നിർമിച്ച ഉയരപ്പാത പുറത്തേക്കു തള്ളുന്നതിനാൽ റോഡ് ബലപ്പെടുത്താനായി സോയിൽ നെയ്‌ലിങും തുടങ്ങി. ഇതോടെ, ദേശീയപാത നിർമാണത്തിന്റെ അശാസ്ത്രീയതയെച്ചൊല്ലി വീണ്ടും ആശങ്കകൾ ഉയർന്നു.പാരിപ്പള്ളി ജംക്‌ഷനിലൂടെ കടന്നുപോകുന്ന ഫ്ലൈ ഓവറിന്റെ ബീമിലാണു സ്റ്റീൽ സ്ട്രക്ചർ കണക്‌ഷൻ നടത്തിയത്. ഇതിനോടു ചേർന്നാണ് റീ ഇൻഫോഴ്സ്ഡ് എർത്ത് പാനൽ (ആർഇ പാനൽ) തുരന്നു ഇരുമ്പ് ദണ്ഡ് കയറ്റുന്ന സോയിൽ നെയ്‌ലിങ്. തിരുവനന്തപുരത്തു നിന്നു കൊല്ലം ഭാഗത്തേക്കു വരുന്ന പാതയിൽ ആദ്യത്തെ സ്പാനിന് ഇടയിലെ 3 ബീമുകൾ (ഗർഡർ) തമ്മിൽ കൂട്ടി യോജിപ്പിച്ചാണ് സ്റ്റീൽ സ്ട്രക്ചർ കണക്‌ഷൻ സ്ഥാപിച്ചത്. ഒരു ഗർഡറിന് നേരിയ വളവ് കണ്ടതിനെ തുടർന്നാണ് ഇതെന്നാണു സൂചന. ഐഐടിയിൽ നിന്നുളള സാങ്കേതിക വിദഗ്ധരുടെ നിർദേശപ്രകാരമാണ് ഇരുമ്പ് ചട്ടക്കൂട് സ്ഥാപിച്ചത്.ഇത്തിക്കര പാലത്തിന്റെ ഇരുവശത്തും നിർമാണം സ്തംഭിച്ചിരിക്കുകയാണ്. ഇത്തിക്കര പള്ളിക്കു സമീപം അടിപ്പാത നിർമാണം പകുതി മാത്രമാണ് നടന്നത്. തുടർ നിർമാണം നടക്കുന്നില്ല. പാലത്തിനു കിഴക്കുവശം മുതൽ ഇത്തിക്കര വളവു വരെ റോഡ് നിർമാണം തുടങ്ങിയിട്ടില്ല. ദേശീയപാത നിർമാണത്തിന്റെ ടാർ മിശ്രത പ്ലാന്റും മറ്റും ഇവിടെയാണ് സ്ഥാപിച്ചിരുന്നത്. ഉയരമുള്ള സ്ഥലത്തു നിന്നുള്ള മഴവെള്ളം റോഡിനു കുറുകെയാണ് ഒഴുകുന്നത്. ഇതുമൂലം റോഡിനു കുറുകെ ചാല് രൂപപ്പെടാറുണ്ട്. നിലവിലുള്ള പാലത്തോട് ചേർന്ന് റോഡ് ഇടിഞ്ഞിറങ്ങിയിട്ടുണ്ട്. വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ.
Source link


