NEWS

‘വിഴിഞ്ഞം ഓഹരി വിൽപ്പന ആദ്യമറിഞ്ഞത് സിപിഎം മുഖപത്രം, കേരളത്തിന് ദോഷമാകുന്ന തീരുമാനം ഞങ്ങളെടുക്കില്ല’

വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് ഓഹരി കൈമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ സിപിഎം മുഖപത്രത്തിന് മുൻ സർക്കാർ ചോർത്തിക്കൊടുത്തുവെന്ന് മുഖ്യമന്ത്രി വി ‌ഡി സതീശൻ. പുതിയ എംഡി ചുമതല ഏറ്റെടുക്കുന്നതിന് മുമ്പാണ് ഈ വാർത്ത വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു വി ഡി സതീശൻ. വയനാട്ടിൽ ഇന്നലെയുണ്ടായ ദുരന്തത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘അപകടമുണ്ടാകാനുള്ള കാരണം അന്വേഷിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്തിന് സമീപം ചെറിയ രീതിയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. അതുകൂടി പരിശോധിച്ച ശേഷം കാര്യങ്ങൾ തീരുമാനിക്കും.

തുരങ്കനിർമാണത്തിനായി കേന്ദ്രസർക്കാർ പാരിസ്ഥിതിക അനുമതി കൊടുത്തപ്പോൾ നൽകിയ കർശന നിർദേശങ്ങൾ നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നവർ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. അപകടസാദ്ധ്യതകളെക്കുറിച്ച് പരിശോധിച്ച ശേഷമേ തുരങ്കനിർമാണം തുടരുകയുള്ളു. നിർമാണപ്രവൃത്തികൾ താൽക്കാലികമായി നിർത്തിവയ്‌ക്കും. രണ്ട് രീതിയിലും അന്വേഷണം നടത്തും.

വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായിട്ടുള്ള എംപവേർഡ് കമ്മിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. കമ്മിറ്റിയുടെ തീരുമാനം മന്ത്രിസഭ പരിശോധിക്കും. കേരളത്തിന്റെ ഒരു താൽപ്പര്യവും ബലികഴിച്ചുകൊണ്ടുള്ള തീരുമാനം സർക്കാർ എടുക്കില്ല.

ജൂൺ 11നാണ് ഞങ്ങളുടെ പുതിയ വിഴിഞ്ഞം എംഡി ചാർജെടുത്തത്. ഓഹരി കൈമാറ്റത്തെക്കുറിച്ച് ജൂൺ അഞ്ചിന് തന്നെ സിപിഎം മുഖപത്രത്തിൽ വാർത്തവന്നു. കഴിഞ്ഞ സർക്കാരാണ് ആ വാർത്ത നൽകിയത്. എംഎസ്‌സിയുമായുള്ള ഓഹരി വിൽപ്പന കഴിഞ്ഞ സർക്കാരിന് അറിയാമായിരുന്നു. അതിപ്പോൾ ഞങ്ങളുടെ തലയിൽക്കൊണ്ടിടാൻ ശ്രമിക്കുകയാണ്.

എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് വിദേശനിക്ഷേപമെന്നും ആ വാർത്തയിലുണ്ട്. പിന്നീടാണ് എല്ലാം മാറി യുഡിഎഫ് സർക്കാരിന് നേരെ തിരിഞ്ഞത്. എന്താണ് കേരളത്തിൽ നടക്കുന്നത്. ഓഹരി കൈമാറ്റത്തിൽ സതീശന് ബന്ധമുണ്ട്, പണം വാങ്ങി എന്ന് പോലും പറഞ്ഞു’ – വി ഡി സതീശൻ വ്യക്തമാക്കി.
RELATED TOPICS: VIZHINJAM PORT, VIZHINJAM SHARE SALE, CPM, VIZHINJAM OHARI VILPPANA, KERALA POLITICS


Source link
NEWS

Read News

Read News✅

Back to top button