NEWS
ഹോർമുസിൽ 3 കപ്പലുകൾക്കുനേരെ ആക്രമണം; ഖത്തറിന്റെ എൽഎൻജി ടാങ്കറിൽ തീ, സൗദി എണ്ണക്കപ്പലിനും നാശം

ദുബായ് ∙ ഹോർമുസ് കടലിടുക്കിൽ 24 മണിക്കൂറിനിടെ 3 കപ്പലുകൾക്കുനേരെ മിസൈൽ ആക്രമണം. ഖത്തറിന്റെ എൽഎൻജി ടാങ്കറായ അൽ റകിയാത്തിന്റെ എൻജിൻ റൂമിൽ തീപടർന്നു. വാതക ടാങ്കർ പൊട്ടിത്തെറിച്ചേക്കുമെന്ന ആശങ്ക മൂലം നാവികരെ അടിയന്തരമായി ഒഴിപ്പിച്ചു. സൗദിയുടെ ക്രൂഡുമായി പോയ കപ്പലും മിസൈൽ ആക്രമണത്തിൽ തകർന്നു. ഒമാൻ തീരത്താണു സൗദിയുടെ വെദ്യാൻ കപ്പൽ ആക്രമിക്കപ്പെട്ടത്. സൗദി ഷിപ്പിങ് കമ്പനിയായ ബഹ്റിയുടെ ഉടമസ്ഥതയിലുള്ളതാണു വെദ്യാൻ. നാവികർ സുരക്ഷിതരാണെന്നാണു വിവരം. ഒമാൻ തീരത്തു ആക്രമിക്കപ്പെട്ട മൂന്നാമത്തെ കപ്പലിനു തീപിടിച്ചതായി യുകെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ അറിയിച്ചു.മുന്നറിയിപ്പു ലംഘിച്ചതുകൊണ്ടാണു ഖത്തറിന്റെ ടാങ്കർ ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ ടിവി റിപ്പോർട്ട് ചെയ്തു. ടാങ്കർ ആക്രമിച്ചതു രാജ്യാന്തര നിയമലംഘനമാണെന്നും ഇറാനാണ് ഉത്തരവാദിയെന്നും ഖത്തർ ആരോപിച്ചു. സംഭവത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധം തുടങ്ങിയശേഷം ആദ്യമാണ് ഖത്തറിന്റെ പ്രകൃതിവാതക ടാങ്കർ ഹോർമുസിൽ ആക്രമിക്കപ്പെടുന്നത്. ഖത്തർ ഗ്യാസ് ട്രാൻസ്പോർട് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് അൽ റകിയാത്ത്. ലോകത്തിലെതന്നെ ഏറ്റവും വലിയ എൽഎൻജി കപ്പലുകളിൽ ഒന്നാണിത്.
Source link

