NEWS

അഹമ്മദാബാദ് സ്ഫോടനക്കേസ്: 38 പ്രതികൾക്ക് വധശിക്ഷ, ഇരയായവർക്ക് നഷ്ടപരിഹാരം നൽകാനും ഉത്തരവ്


അഹമ്മദാബാദ് ∙ 56 പേരുടെ മരണത്തിനിടയാക്കിയ 2008 ലെ അഹമ്മദാബാദ് സ്ഫോടനക്കേസിൽ 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ചൊവ്വാഴ്ച ശരിവച്ചു. കേസിൽ മറ്റ് 11 പ്രതികൾക്ക് പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ജസ്റ്റിസ് എ.വൈ. കോഗ്ജെ, ജസ്റ്റിസ് എസ്.ജെ. ദാവെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിലനിർത്തി. സ്ഫോടനത്തിൽ ഇരയായവർക്ക് നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാരിനോട് കോടതി ഉത്തരവിട്ടു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവർക്ക് 5 ലക്ഷം രൂപയും നിസാര പരുക്കേറ്റവർക്ക് 1 ലക്ഷം രൂപയും വീതമാണ് ധനസഹായം നൽകേണ്ടത്. ഈ തുക 2027 മാർച്ച് 31നകം വിതരണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. 2008 ജൂലൈ 26നാണ് അഹമ്മദാബാദ് നഗരത്തെ നടുക്കിയ സ്ഫോടന പരമ്പര ഉണ്ടായത്. സ്ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെടുകയും 246 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷം സൂറത്തിൽ നിന്നും ബോംബുകൾ കണ്ടെടുത്തിരുന്നു. ആശുപത്രികളെ ലക്ഷ്യമിട്ട് രാജ്യത്ത് നടന്ന ആദ്യത്തെ ഭീകരാക്രമണമായിരുന്നു ഇത്. 2002 ലെ ഗോധ്ര കലാപത്തിനുള്ള പ്രതികാരമായാണ് സ്ഫോടനം നടത്തിയതെന്ന് പ്രതികൾ അയച്ച ഇമെയിലുകളിൽ അവകാശപ്പെട്ടിരുന്നു. 


Source link

Back to top button