NEWS
സിന്ധുനദീജല കരാറിൽ വിട്ടുവീഴ്ചയില്ല, ഇന്ത്യയുമായി യുദ്ധത്തിനും തയാർ: മുന്നറിയിപ്പുമായി പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ് / ന്യൂഡൽഹി ∙ സിന്ധുനദീജല കരാർ പ്രകാരമുള്ള തങ്ങൾക്ക് അവകാശപ്പെട്ട ജലം ഉറപ്പാക്കാൻ സൈനികപരമായത് ഉൾപ്പെടെ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് പാക്കിസ്ഥാൻ. ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് ഫീൽഡ് മാർഷൽ അസിം മുനീറിന്റെ അധ്യക്ഷതയിൽ ചേർന്ന കോർ കമാൻഡർമാരുടെ യോഗത്തിലാണ് പാക്ക് സൈന്യം നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന്, ഇന്ത്യ കരാർ താൽക്കാലികമായി റദ്ദാക്കിയിരുന്നു. ജലം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന പാക്കിസ്ഥാൻ ദേശീയ സുരക്ഷാ സമിതിയുടെ മുൻ നിർദേശത്തിനു സൈന്യം പൂർണ പിന്തുണ പ്രഖ്യാപിച്ചു. കശ്മീരിനു രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണ തുടരുമെന്നും പാക്ക് സൈന്യം വ്യക്തമാക്കി. ഇതിനുപുറമെ, പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയും ഇന്ത്യക്കെതിരെ കടുത്ത യുദ്ധഭീഷണിയുമായി രംഗത്തെത്തി. സിന്ധുനദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും ഇന്ത്യയുമായി യുദ്ധം ചെയ്യേണ്ടി വന്നാൽ അതിനും ഞങ്ങൾ തയാറാണെന്നും ബിലാവൽ ഭൂട്ടോ പറയുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Source link


