NEWS

കടം വാങ്ങിയ 300 രൂപയ്ക്ക് വിഷം, ആത്മഹത്യ കടം പെരുകിയതോടെ; സിന്ധു നയിച്ചത് ആഡംബര ജീവിതം


തിരുവനന്തപുരം ∙ വിശ്വസിച്ചു നൽകിയ 70 പവനോളം സ്വർണം തിരിച്ചുകിട്ടാൻ ഒരു വഴിയുമില്ലെന്ന ആശങ്കയും കടം പെരുകിയതുമാണ് വിഴിഞ്ഞത് രണ്ടു യുവതികളുടെ ജീവനെടുത്തത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28), വെങ്ങാനൂർ ചാവടിനട രാജ രാജീവ് സദനത്തിൽ രാജീവിന്റെ ഭാര്യ ഐശ്വര്യ (32) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 30ന് ഇരുവരും തിയറ്റർ ജംക്‌ഷനിലെ കടയിൽനിന്നു ശീതളപാനീയം വാങ്ങി കോവളം ആവാടുതുറ ബീച്ചിലെത്തിയാണ് വിഷം കലർത്തി കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ വെങ്ങാനൂർ പനങ്ങോട് ശ്യാമളാലയത്തിൽ സിന്ധുകുമാരി(53)യുടെ ചതിയിൽപെട്ടാണ് മറ്റു മാർഗങ്ങളില്ലാതെ ജീവനൊടുക്കുന്നതെന്നാണ് ഇവർ ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.ജീവനൊടുക്കുന്നതിന് ഒരാഴ്ച മുൻപും യുവതികൾ സിന്ധുവിനെ കണ്ട് സ്വർണം തിരികെ ചോദിച്ചിരുന്നു. എന്നാൽ സ്വർണം തന്നതിനു തെളിവൊന്നുമില്ലല്ലോ എന്നും തിരികെ തരില്ലെന്നും അവർ പറഞ്ഞു. മരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്നു പറഞ്ഞപ്പോൾ പോയി ചാകാൻ സിന്ധു പറഞ്ഞുവെന്നും യുവതികളുടെ ബന്ധുക്കൾ പറഞ്ഞു. ഇതോടെ നിരാശരായ യുവതികൾ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഐശ്വര്യയുടെ ബന്ധുവിന്റെ വീട്ടിലെത്തി 300 രൂപ കടം വാങ്ങിയാണ് വിഷം മേടിച്ചത്. ആദ്യം മരിച്ച അഞ്ജു തനിക്ക് വയറുവേദനയാണെന്നും ഭക്ഷ്യവിഷബാധയാണോ എന്നു സംശയമുണ്ടെന്നുമാണ് വീട്ടുകാരോടു പറഞ്ഞത്. അതുകൊണ്ടു തന്നെ ചികിത്സ ലഭിക്കാൻ വൈകി. നില ഗുരുതരമായി ഞായറാഴ്ച മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ തുടർന്ന ഐശ്വര്യയും വിഷം കഴിച്ച വിവരം വൈകിയാണ് ബന്ധുക്കളോടു പറഞ്ഞത്. തിങ്കളാഴ്ച രാവിലെയാണ് ഐശ്വര്യ മരിച്ചത്.കുറഞ്ഞ പലിശയ്ക്ക് സ്വർണം പണയം വച്ച് നൽകാം എന്ന് വാക്ക് നൽകിയാണ് സിന്ധു തട്ടിപ്പ് നടത്തിയതെന്ന് മരിച്ച അഞ്ജുവിന്റെ ഭർത്താവ് വിഷ്ണു പറഞ്ഞു. അഞ്ജുവിന്റെ സുഹൃത്തിന്റെ സ്വർണ പണയം എടുക്കാൻ ശ്രമിച്ചപ്പോൾ പകരം വ്യാജ സ്വർണമാണ് നൽകിയത്. ഇതോടെയാണ് തട്ടിപ്പ് മനസിലായതെന്നും 20 പവനോളം നഷ്ടമായി എന്ന് അഞ്ജു പറഞ്ഞിരുന്നു എന്നും വിഷ്ണു പറഞ്ഞു. പലവട്ടം സിന്ധുവിന്റെ വീട്ടിൽ പോയി നഷ്ടപ്പെട്ട സ്വർണം നൽകണമെന്ന് അഞ്ജുവും ഐശ്വര്യയും ആവശ്യപ്പെട്ടിടുണ്ടെന്നും വിഷ്ണു പറഞ്ഞു.


Source link

Back to top button