NEWS
പിഎസ്സി അംഗങ്ങൾക്ക് വാരിക്കോരി ശമ്പളം, ആജീവനാന്ത പെൻഷൻ, ചികിത്സ അടക്കം സൗജന്യം; പ്രതിമാസം 83.67 ലക്ഷം രൂപ!

തിരുവനന്തപുരം∙ ഏറ്റവും വിശ്വാസ്യതയോടെ നിയമനം നടത്താൻ നിയോഗിക്കപ്പെട്ട കേരള പബ്ലിക് സർവീസ് കമ്മിഷന്റെ നടപടിക്രമങ്ങൾക്കെതിരെ വലിയ തോതിൽ വിമർശനവും പരാതികളും ഉയരുന്നതിനിടെ വീണ്ടും ചർച്ചയാകുന്നത് സംസ്ഥാനത്തെ പിഎസ്സി അംഗങ്ങളുടെ എണ്ണവും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും. ആറു വർഷം അല്ലെങ്കിൽ 62 വയസ്സ് എന്ന വ്യവസ്ഥയിലാണു പിഎസ്സി അംഗങ്ങളെ സർക്കാർ നിയോഗിക്കുന്നത്. പ്രതിദിനം 13000 ത്തിലധികം രൂപയാണ് പിഎസ്സി ചെയർമാനും അംഗങ്ങൾക്കും ശമ്പളവും ആനുകൂല്യവുമായി ലഭിക്കുന്നത്. ഇതിനു പുറമേ ആറു വർഷ കാലപരിധിക്കു ശേഷം ജീവിതാവസാനം വരെ പെൻഷനും മെഡിക്കൽ ആനുകൂല്യങ്ങളും. ചെയർമാനും 20 അംഗങ്ങൾക്കുമായി പ്രതിമാസം വേണ്ടിവരുന്നത് 83.67 ലക്ഷം രൂപയാണ്.ഓണറേറിയം വർധനയ്ക്കു വേണ്ടി ആശാ വർക്കർമാർ മഴയും വെയിലും കൊണ്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരം കണ്ടില്ലെന്ന് നടിച്ചാണ് കഴിഞ്ഞ സർക്കാർ 2025 ഫെബ്രുവരിയിൽ പിഎസ്സി ചെയർമാനും അംഗങ്ങൾക്കും വാരിക്കോരി ശമ്പള വർധന നടപ്പാക്കിയത്. ചെയർമാനു ജില്ലാ ജഡ്ജിമാരുടെ സൂപ്പർടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ലാ ജഡ്ജിമാരുടെ സിലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. പിഎസ്സി അംഗമാകാൻ പ്രത്യേക യോഗ്യതയൊന്നും വേണ്ടെങ്കിലും ജില്ലാ ജഡ്ജിയുടെ ശമ്പള സ്കെയിലാണു നിശ്ചയിച്ചിരിക്കുന്നതെന്നതാണ് ഏറെ കൗതുകം. ചെയർമാന്റെ ശമ്പളം 2,24,100 രൂപയായും അംഗങ്ങളുടെ ശമ്പളം 2,19,090 രൂപയായാണ് വർധിപ്പിച്ചത്. ഇതിനു പുറമേ 53% കേന്ദ്ര ഡിഎയും ശമ്പളത്തിന്റെ 16% വീട്ടുവാടകയും ഗതാഗത ചെലവും ലഭിക്കും. ഒപ്പം ഒന്നാം ക്ലാസ് യാത്രപ്പടി, പിഎ, ഡഫേദാർ, ഡ്രൈവർ, ആശ്രിതരടക്കം ചികിത്സയ്ക്കു പണം, ചെയർമാനു കാറും വീടും എന്നിവയും ലഭ്യമാകും.
Source link


