NEWS

ആഭ്യന്തര യാത്രകള്‍ 3500 രൂപ മുതല്‍, വരുന്നു കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി

ഫോട്ടോ: സി.എന്‍.വിജയകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം | facebook.com/CNVijayakrishnanofficial

കോഴിക്കോട്: ‘കോ കേരള’ എന്ന പേരില്‍ കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി വരുന്നു. സഹകരണ മേഖലയിലാണ് വിമാനക്കമ്പനി ആരംഭിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്. എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. പ്രാരംഭ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ആഭ്യന്തര യാത്രകള്‍ വളരെ വേഗത്തിലും എന്നാല്‍ കുറഞ്ഞ ചെലവിലും നടത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സഹകരണ മേഖലയിലെ ആദ്യത്തെ വിമാനക്കമ്പനിയെന്നതാണ് ‘കോ കേരള’യിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാരിന് ഒരു രൂപ പോലും ചെലവില്ലാതെയാകും പദ്ധതി നടപ്പിലാക്കുക. 200 സഹകരണ സംഘങ്ങള്‍ രണ്ട് കോടി വീതം ഓഹരിയായി മുതല്‍മുടക്ക് നടത്തും. മുഖ്യമന്ത്രി ചെയര്‍മാനും സഹകരണ വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായി ഒരു ഡയറക്ടര്‍ ബോര്‍ഡ് ഇതിനായി ഉണ്ടാകും. പദ്ധതിയുടെ രൂപരേഖ സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചതായും അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും വിജയകൃഷ്ണന്‍ വ്യക്തമാക്കി.

നടത്തിപ്പ് സിയാല്‍ മാതൃകയില്‍

സിയാല്‍ മാതൃകയില്‍ വിമാനങ്ങള്‍ പാട്ടത്തിനെടുത്താണ് സര്‍വീസ് നടത്തുക. ആദ്യഘട്ടത്തില്‍ രണ്ട് വിമാനങ്ങള്‍ ഇതിനായി പാട്ടത്തിനെടുക്കും. 72 സീറ്റുള്ള വിമാനമാണ് വാടകയ്ക്ക് എടുക്കുക. നെടുമ്പാശേരി ആസ്ഥാനമാക്കി കരിപ്പുര്‍, കണ്ണൂര്‍, മംഗളൂരു, ബംഗളൂരു, കോയമ്പത്തൂര്‍, ചെന്നൈ, മധുര എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചാണു സര്‍വീസ് നടത്താന്‍ ലക്ഷ്യമിടുന്നത്.

ടിക്കറ്റ് നിരക്ക് 3500 മുതല്‍

കുറഞ്ഞ ചെലവില്‍ ആഭ്യന്തര യാത്രകള്‍ എന്ന ലക്ഷ്യമാണ് കമ്പനിക്കുള്ളത്. 3500 രൂപ മുതലായിരിക്കും വിമാന ടിക്കറ്റിന്റെ നിരക്ക്. പരമാവധി നിരക്ക് 7000 രൂപയാണ് ഉദ്ദേശിക്കുന്നത്. യാത്രയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് വരെ സീറ്റ് ഒഴിവ് ഉണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കുക. കമ്പനിയുടെ പ്രാരംഭഘട്ടത്തില്‍ 200 പേര്‍ക്ക് തൊഴില്‍ നല്‍കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Source link
NEWS

Back to top button