NEWS
എസ്ഐആർ: ‘ദ് ടെലഗ്രാഫ്’ മുൻഎഡിറ്റർ ആർ.രാജഗോപാലിനും ദുരനുഭവം; വോട്ട് വെട്ടി, പാസ്പോർട്ടും

ന്യൂഡൽഹി ∙ വോട്ടർ പട്ടികയിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പാസ്പോർട്ട് നിഷേധിച്ചുവെന്ന ‘ദ് ടെലഗ്രാഫ്’ മുൻഎഡിറ്റർ ആർ.രാജഗോപാലിന്റെ വെളിപ്പെടുത്തൽ ദേശീയതലത്തിൽ ചർച്ചയാവുന്നു. എസ്ഐആറിനു പിന്നാലെ ബംഗാൾ വോട്ടർപട്ടികയിൽനിന്നു പേരൊഴിവാക്കിയതിനാൽ പാസ്‌പോർട്ട് പുതുക്കാൻ കഴിഞ്ഞില്ലെന്നും പട്ടികയിൽ പേരു ചേർക്കാനുള്ള അപേക്ഷയിൽ തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നും ആയിരുന്നു ആർ.രാജഗോപാലിന്റെ കുറിപ്പ്. പൗരന്മാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നു കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം, സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടി.എസ്ഐആർ രാജ്യത്തെ ലക്ഷക്കണക്കിന് ആളുകൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടാണ് രാജഗോപാലിന്റെ അനുഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രതികരിച്ചു. തിരഞ്ഞെടുപ്പു കമ്മിഷൻ എത്രയും വേഗം അദ്ദേഹത്തിന്റെയും സമാന പ്രശ്നം നേരിടുന്ന മറ്റെല്ലാവരുടെയും വോട്ടവകാശം പുനഃസ്ഥാപിച്ചു നൽകണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രശ്നം ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ശ്രദ്ധയിൽപെടുത്തി. പരിശോധിച്ചു നടപടിയെടുക്കാമെന്ന് അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
Source link


