BUSINESS
ആർബിഐ ഉത്തരവ് തിരിച്ചടി, ടാറ്റ ട്രസ്റ്റിൽ വീണ്ടും ആശങ്ക; ലിസ്റ്റിങ് തർക്കത്തിൽ ആരു ജയിക്കും? നോയൽ നവംബർ 12ന് പടിയിറങ്ങും

കൊച്ചി ∙ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാതെ ടാറ്റ സൺസ് തങ്ങളുടെ പൂർണ നിയന്ത്രണത്തിൽ നിർത്താനുള്ള ടാറ്റ ട്രസ്റ്റിന്റെ നീക്കത്തിന് റിസർവ് ബാങ്കിന്റെ പുതിയ ഉത്തരവ് തിരിച്ചടിയായി.ഒരു ലക്ഷം കോടിയോ അതിലധികമോ ആസ്തി മൂല്യമുള്ള ബാങ്കിതര ധനകാര്യ സ്ഥാപങ്ങൾ മുൻനിര ബാങ്ക് ഇതര ധനകാര്യ സ്ഥാപങ്ങൾ (നോൺ -ബാങ്കിങ് ഫിനാഷ്യൽ കമ്പനീസ് -അപ്പർ ലയർ ) ആയിരിക്കും എന്ന കേന്ദ്ര ബാങ്കിന്റെ പുതിയ ഉത്തരവാണ് ടാറ്റ സൺസിനു വിനയാകുന്നത്. ടാറ്റ സൺസിന്റെ ഇപ്പോഴത്തെ ആസ്തി മൂല്യം 1.9 ലക്ഷം കോടിയിലധികം വരും. മുൻനിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ കർശനമായും ലിസ്റ്റ് ചെയ്യണമെന്ന് നേരത്തെ തന്നെ ആർബിഐ നിർദേശിച്ചിട്ടുള്ളതാണ് . ക്രോർ ഇൻവെസ്റ്റ്മെന്റ് കമ്പനിയായി ( സിഐസി ) റജിസ്റ്റർ ചെയ്തിട്ടുള്ള ടാറ്റ സൺസ് 2022 ൽ തന്നെ മുൻനിര ബാങ്ക് ഇതര ഫിനാൻഷ്യൽ കമ്പനിയായി ആർബിഐ കണ്ടെത്തിയിട്ടുള്ളതാണ്. അതനുസരിച്ച് ടാറ്റ സൺസ് 2025 ൽ ലിസ്റ്റ് ചെയ്യേണ്ടതായിരുന്നു. ഇത് മറികടക്കാനായി ടാറ്റ സൺസ് അതിന്റെ ബാധ്യതയായി ഉണ്ടായിരുന്ന 20,000 കോടി രൂപ തിരിച്ചടക്കുകയും തങ്ങളുടെ സിഐസി ലൈസൻസ് റദ്ദ് ചെയ്യണമെന്ന് ആർബിഐ യോട് ആവശ്യപ്പെടുകയും ചെയ്തു. ഈ അപേക്ഷയിൽ റിസർവ് ബാങ്ക് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.പുതിയ ഉത്തരവിന്റെ വെളിച്ചത്തിൽ ലിസ്റ്റ് ചെയ്യപ്പെടേണ്ട മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപങ്ങളുടെ പട്ടിക ആർബിഐ പുറത്തിറക്കും. ടാറ്റ സൺസ് ഇതിനായി കാത്തിരിക്കുകയാണന്നാണ് ഇതുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന. ഏതാണ്ട് 30,000 കോടി ഡോളർ വിറ്റുവരവുള്ള ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയാണ് ടാറ്റ സൺസ്. ടാറ്റ കമ്പനികളിൽ നിഴൽ നിക്ഷേപം ( ഷാഡോ ഇൻവെസ്റ്റ്മെന്റ് ) നടത്തുന്ന ടാറ്റ സൺസിനെ നിയന്ത്രിക്കുന്നത് അതിൽ 60 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുള്ള ടാറ്റ ട്രസ്റ്റ് ആണ്. ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ചു ടാറ്റ സൺസിന്റെ ബോർഡിൽ വലിയ തർക്കങ്ങൾ നടക്കുകയാണ്. ലിസ്റ്റ് ചെയ്യേണ്ട എന്ന് ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയും, വേണം എന്ന നിലപാടുള്ള ഓഹരി ഉടമകളായ ഷാപൂർജി പല്ലോൺജി ഗ്രൂപ്പും തമ്മിലുള്ള തർക്കത്തിൽ കേന്ദ്രത്തിനു വരെ ഇടപെടേണ്ടി വന്നു. തർക്കം ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
Source link


