NEWS

പ്രതിയെ പിടികൂടാൻ എക്സൈസ് സംഘം; പാഞ്ഞടുത്തത് 20 വളർത്തുനായ്ക്കൾ, ബിസ്കറ്റ് ഉൾപ്പെടെ നൽകി തുരത്തി സാഹസികമായി പിടികൂടി


പാലക്കാട് ∙ കഞ്ചാവു കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനു നേരെ അഴിച്ചുവിട്ടത് 20 വളർത്തുനായ്ക്കളെ. നായ്ക്കൾക്കു ബിസ്കറ്റ് ഉൾപ്പെടെ നൽകിയും തുരത്തിയോടിച്ചും എക്സൈസ് സംഘം പ്രതിയെ സാഹസികമായി പിടികൂടി. കൊല്ലങ്കോട്ടെ പോസ്റ്റ് ഓഫിസ് വഴി പാഴ്‌സലിൽ 7.34 കിലോഗ്രാം കഞ്ചാവു കടത്തിയ കേസിലെ പ്രതി കൊല്ലങ്കോട് താടനാറ ത്രാമണിയിൽ ജിജിറ്റിനെ (19) പിടികൂടാനെത്തിയ ചിറ്റൂർ എക്സൈസ് സർക്കിൾ, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നർക്കോട്ടിക്സ് സ്പെഷൽ സ്ക്വാഡ്, കൊല്ലങ്കോട് എക്സൈസ് റേഞ്ച് എന്നിവരടങ്ങിയ സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഫെബ്രുവരി നാലിന് കൊല്ലങ്കോട് പോസ്റ്റ് ഓഫിസിൽ താടനാറ ത്രാമണി സ്വദേശി ജിജിറ്റിന്റെ പേരിലാണു കഞ്ചാവു വന്നത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ കൊല്ലങ്കോട് തെക്കേ പാവടി ശ്രീനിവാസ് വീട്ടിൽ സഹോദരങ്ങളായ ആർ.സഞ്ജയ്‌ (22), ആർ.രാഹുൽ (26) എന്നിവരെ കൊല്ലങ്കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ജിജിറ്റ് നാട്ടിലെത്തിയെന്നു കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലങ്കോട്ടും പാലക്കാട്ടും പുലർച്ചെ ഒരേസമയമുള്ള പരിശോധന നടന്നത്. പരിശോധനയ്ക്കായി അന്വേഷണസംഘം എത്തിയപ്പോൾ രണ്ടു വീടുകളിലും നായ്ക്കൾ എക്സൈസ് സംഘത്തിനു നേരെ കുരച്ചുകൊണ്ടു പാഞ്ഞടുത്തു. ആക്രമിക്കാനൊരുങ്ങിയ നായ്ക്കളെ പിന്തിരിപ്പിക്കാൻ ഏറെ പരിശ്രമിക്കേണ്ടിവന്നു. പാലക്കാട് പുത്തൂർ വെള്ളോളി ലൈനിലെ വാടകവീട്ടിലുണ്ടായിരുന്ന പ്രതി ജിജിറ്റ് അന്വേഷണസംഘത്തെ കണ്ട് ടെറസ് വഴി ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. മേഘാലയയിൽ നിന്നാണു പോസ്റ്റ് ഓഫിസ് വഴി കഞ്ചാവ് എത്തിയതെന്നാണു സൂചന.


Source link

Back to top button