കോടതി അസാധുവാക്കി, മണിക്കൂറുകൾക്കകം ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ, പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും

തിരുവനന്തപുരം: ഇഷ്ട ദേവീദേവന്മാരുടെയും ബലിദാനികളുടെയും പേരിൽ ചെയ്ത സത്യപ്രതിജ്ഞ കോടതി അസാധുവാക്കി മണിക്കൂറുകൾക്കം തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ ‘ദൈവനാമത്തിൽ’ സത്യപ്രതിജ്ഞ ചെയ്ത് യോഗ്യത നേടി. 20 പേരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചത്. ഡെപ്യൂട്ടി മേയർ ആശാനാഥ് അടക്കം 19 പേർ വൈകിട്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. മേയർ വി.വി. രാജേഷിന്റെ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.
വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ കാപ്പാ കേസിൽ പെട്ട് കരുതൽ തടങ്കലിലായതിനാൽ സത്യപ്രതിജ്ഞ ചെയ്യാനായില്ല. 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന കോടതിവിധിയുടെ പകർപ്പ് ലഭിച്ചതിനു പിന്നാലെ മേയർ വി.വി. രാജേഷ് നിയമോപദേശം തേടിയിരുന്നു. കോർപ്പറേഷൻ സെക്രട്ടറിയുമായും ചർച്ച നടത്തി. പുതുക്കി സത്യപ്രതിജ്ഞ ചെയ്യാൻ മറ്റ് തടസങ്ങളില്ലെന്ന് കണ്ടതോടെ തിടുക്കപ്പെട്ട് കൗൺസിലർമാരെ വാട്‌സ്‌ആപ്പ് വഴിയും അല്ലാതെയും ഉച്ചയോടെ വിവരം അറിയിച്ചു. വൈകിട്ട് 4ഓടെ 19 കൗൺസിലർമാരും മേയറുടെ ഓഫീസിലെത്തി. 4.30ഓടെ സതപ്രതിജ്ഞാ ചടങ്ങ് തുടങ്ങി. 5 മണിക്ക് ചടങ്ങ് അവസാനിച്ച ശേഷം കൗൺസിലർമാർ ചായകുടിച്ച് പിരിഞ്ഞു. പ്രതിപക്ഷ കൗൺസിലർമാരുടെ അസാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. രഹസ്യമായാണ് സത്യപ്രതിജ്ഞ നടത്തിയതെന്നും നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ആരോപിച്ച് എൽ.ഡി.എഫും യു.ഡി.എഫും ഇതോടെ രംഗത്തെത്തിയിട്ടുണ്ട്.
Source link
NEWS


