NEWS

‘ജയിംസിനെ അടക്കിയപ്പോൾ കല്ലറ കാലി’: ബന്ധുവിന്റെ വെളിപ്പെടുത്തൽ; ദുരൂഹത ‘പൊതിഞ്ഞ’ കല്ലറ ഇന്ന് തുറക്കും


ഇരിട്ടി ( കണ്ണൂർ) ∙ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ 11 വർഷം മുൻപ് അവസാനമായി മൃതദേഹം അടക്കിയ 38–ാം നമ്പർ പൊതുകല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞനിലയിൽ മൃതദേഹമെന്നു കരുതുന്ന വസ്തു കണ്ടെത്തിയ സംഭവത്തിൽ ഇന്ന് കല്ലറ തുറന്നു പരിശോധിക്കും. ശാസ്ത്രീയ പരിശോധനയ്ക്കുവേണ്ടി കല്ലറ തുറക്കാൻ തലശ്ശേരി ആർഡിഒ കോടതി പൊലീസിന് അനുമതി നൽകി. ഈ കല്ലറയിൽ 2006ൽ സംസ്കരിച്ച മറിയം മൊയ്യപ്പള്ളിയിലിന്റെയും 2015ൽ സംസ്കരിച്ച ജയിംസ് കൂമ്പുക്കലിന്റെയും ബന്ധുക്കളെ സ്ഥലത്തെത്തിച്ചു പൊലീസ് നടത്തിയ പരിശോധനയിൽ, പായയിൽ പൊതിഞ്ഞ് ആരെയും അടക്കം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. 2015ൽ അറക്കപ്പൊടിയും മണലും നിരത്തി തുണിയും വിരിച്ച് ക്രിസ്ത്യൻ ആചാരപ്രകാരം പെട്ടിയിലാണു ജയിംസിനെ അടക്കം ചെയ്തതെന്നു ബന്ധുക്കൾ മൊഴിനൽകി. ഇരിട്ടി തഹസിൽദാരുടെയും മെഡിക്കൽ ബോർഡ് പ്രതിനിധികളുടെയും സാന്നിധ്യത്തിലാകും കല്ലറ പരിശോധനയെന്ന് കരിക്കോട്ടക്കരി പൊലീസ് അറിയിച്ചു. പരിശോധനാസമയത്തു മറ്റാർക്കും പ്രവേശനമുണ്ടാകില്ല. അസ്വാഭാവികത തോന്നിയാൽ സാംപിളുകൾ ശേഖരിക്കും. ഡിഎൻഎ പരിശോധനയുൾപ്പെടെ നടത്തും.


Source link

Back to top button