NEWS
പ്രശ്നങ്ങൾക്കു കാരണം ഉണ്ണി ശിവപാൽ, ശ്വേത ഇറങ്ങിയപ്പോൾ ഞാനും ഇറങ്ങി: വെളിപ്പെടുത്തി ജോയ് മാത്യു

താരസംഘടനയായ ‘അമ്മ’യിൽ പ്രസിഡന്റ് ശ്വേതാ മേനോന്റെ രാജിക്ക് പിന്നാലെയുണ്ടായ കനത്ത ഭരണപ്രതിസന്ധിയിലും കൂട്ടരാജിയിലും നിർണായക വെളിപ്പെടുത്തലുകളുമായി പ്രമുഖ നടനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന ജോയ് മാത്യു. ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ശ്വേതാ മേനോൻ രാജിവച്ചപ്പോൾ, അവർക്ക് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചുകൊണ്ടാണ് ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും ഒന്നിച്ച് രാജിവച്ചതെന്ന് ജോയ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയിൽ ആരും പണം അടിച്ചുമാറ്റിയിട്ടില്ലെന്നും ട്രഷറർ ഉണ്ണി ശിവപാൽ രേഖാമൂലം പോലും അറിയിക്കാതെ പെട്ടെന്ന് മാറിനിന്നതാണ് യോഗത്തിൽ കൃത്യസമയത്ത് കണക്ക് അവതരിപ്പിക്കാൻ കഴിയാതെ പോയതിന് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.‘‘ശ്വേത രാജി വച്ചപ്പോൾ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണസമിതിമുഴുവൻ രാജിവയ്ക്കുകയായിരുന്നു. പ്രസിഡന്റ് രാജി വയ്ക്കുമ്പോൾ വൈസ് വൈസ് പ്രസിഡന്റ് ആണ് സ്വാഭാവികമായിട്ടും തലപ്പത്ത് വരേണ്ടത്. അവർ അവിടെ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്. തീരുമാനം എന്തായെന്ന് എനിക്കറിയില്ല. ശ്വേത ഇറങ്ങിയപ്പോൾ ഞാനും ഇറങ്ങി. എനിക്ക് അത്യാവശ്യമായി പോകേണ്ട കാര്യമുണ്ട്. ഉണ്ണി ശിവപാലിനെതിരെയുള്ള ആരോപണത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. അദ്ദേഹം ലീവ് ലെറ്റർ പോലും തരാതെ പോവുകയാണ്. പിന്നെ ഒരു കമ്യൂണിക്കേഷൻ ഉണ്ടായിട്ടില്ല. ഇന്നാണ് പിന്നെ അദ്ദേഹത്തെ നമ്മൾ എല്ലാവരും കാണുന്നത്. സംഘടന വീണ്ടും ഒരു സംഘം കുറ്റാരോപിതർ പിടിച്ചടക്കാൻ പോവുകയാണെന്ന ശ്വേതാ മേനോന്റെ കടുത്ത പ്രസ്താവനയിൽ നിന്നും ജോയ് മാത്യു അല്പം അകലം പാലിച്ചു. അത് ശ്വേതയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ട്രഷററുടെ ഭാഗത്തുനിന്നുണ്ടായ അച്ചടക്കമില്ലായ്മയും വീഴ്ചയുമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന നിലപാടിലാണ് ജോയ് മാത്യു ഉറച്ചുനിൽക്കുന്നത്. ഭാരവാഹികൾ കൂട്ടത്തോടെ ഒഴിഞ്ഞ സാഹചര്യത്തിൽ നടൻ രമേശ് പിഷാരടിയുടെ നേതൃത്വത്തിലുള്ള താല്ക്കാലിക അഡ്ഹോക്ക് കമ്മിറ്റിയാകും ഇനി വരുന്ന നാല് മാസത്തേക്ക് സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നോക്കിനടത്തുക.
Source link


