NEWS

‘കരിമണല്‍ കര്‍ത്താക്കന്മാര്‍ക്ക് ആലപ്പുഴ തീരം തീറെഴുതരുത്’; അത് രണ്ടും പിന്‍വലിച്ചേ മതിയാകൂ, മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്


തിരുവനന്തപുരം ∙ വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറയ്ക്കാനും ധാതുമണൽ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറയ്ക്കാനുള്ള ബജറ്റ് പ്രഖ്യാപനം യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ലഹരിവിരുദ്ധ വാഗ്ദാനങ്ങൾക്ക് വിരുദ്ധവും ജനങ്ങളോടുള്ള വാഗ്ദാന ലംഘനവുമാണെന്ന് സുധീരൻ കുറ്റപ്പെടുത്തി. കൂടാതെ, ധാതുമണൽ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം ആലപ്പുഴയിലെ തീരദേശ ജനതയെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണെന്നും സുധീരൻ കത്തിൽ പറയുന്നു. തീരദേശത്തെ തകർക്കുന്ന ഇത്തരം ജനവിരുദ്ധ നിർദേശങ്ങളിൽ നിന്നും യുഡിഎഫ് സർക്കാർ പിന്തിരിയണമെന്നും സുധീരൻ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.വി.എം.സുധീരന്റെ കത്ത് മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ നൂതനവും ഭാവനാസമ്പന്നവുമായ പല പദ്ധതികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും ചില ബജറ്റ് നിർദേശങ്ങളെക്കുറിച്ച് എനിക്കുള്ള വിയോജിപ്പും എതിര്‍പ്പും അന്നേദിവസം തന്നെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നല്ലോ. അതിന്റെ തുടര്‍ച്ചയാണ് ഇവിടെ കുറിക്കുന്നത്. മദ്യം, ലഹരിമരുന്ന് തുടങ്ങിയ ലഹരിപദാർഥങ്ങളുടെ വ്യാപനം കേരളത്തില്‍ അതിഗുരുതരമായ വിപത്തായ സാഹചര്യത്തില്‍ കേരളത്തെ ഈ മാരക വിപത്തില്‍നിന്നും മുക്തമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ശക്തവും ഫലപ്രദവുമായ നയങ്ങളും കര്‍മ്മപദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് നിരക്കാത്ത ഒരു നിര്‍ദേശവും പ്രത്യക്ഷമായോ പരോക്ഷമായോ ബജറ്റില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണല്ലോ. എന്നാല്‍ ആ വാഗ്ദാനത്തിനു വിരുദ്ധമായി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നിര്‍ദേശം ബജറ്റില്‍ വന്നത് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ അന്തസത്തയ്ക്കുതന്നെ നിരക്കാത്തതാണ്, ജനങ്ങളോടുള്ള വാഗ്ദാന ലംഘനവുമാണ്. അടുത്തിടെയുണ്ടായ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഒരു വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ സമഗ്രമായ പഠനത്തിനുശേഷമേ ഖനന നടപടികളുമായി മുന്നോട്ടുപോകാവൂ എന്ന നിർദേശത്തെത്തുടര്‍ന്ന് ഖനനം ഇപ്പോള്‍ നിര്‍ത്തിവയ്ക്കപ്പെട്ടിരിക്കുകയാണ്. കോടതി നിർദേശപ്രകാരം രൂപീകരിക്കപ്പെട്ട പ്രസ്തുത കമ്മിറ്റി കരിമണല്‍ ലോബിയുടെ താല്‍പര്യത്തെ മുന്‍നിര്‍ത്തിയാണെന്ന് വ്യാപകമായ ജന പ്രതിഷേധം ഉയര്‍ന്നുവന്നിരിക്കുയാണ്. അതുകൊണ്ട് തീരദേശ ജനതയുടെ താല്‍പര്യം കണക്കിലെടുത്ത് അര്‍ഹതയുള്ള വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് പ്രസ്തുത കമ്മിറ്റി പുനസംഘടിപ്പിക്കണമെന്ന സമരസമിതിയുടെ ആവശ്യം അറിയിച്ചുകൊണ്ട് ഞാന്‍ എഴുതിയ 01.06.2026 ലെ കത്തും തുടര്‍ന്നുള്ള ആശയവിനിമയവും ശ്രദ്ധയിലുണ്ടല്ലോ. കുട്ടനാട്ടിലെ പ്രളയക്കെടുതികള്‍ക്ക് പരിഹാരമുണ്ടാക്കാനെന്ന വ്യാജേന പൊതുമേഖലാ സ്ഥാപനങ്ങളെ കരുവാക്കി തോട്ടപ്പള്ളിയില്‍ നടത്തിയ കരിമണല്‍ ഖനനം അനുവദിച്ചുകൊണ്ടുള്ള സര്‍വ്വ ഉത്തരവുകളും റദ്ദാക്കേണ്ടതാണ്. ഇക്കാര്യവും ഞാന്‍ അയച്ച കത്തില്‍ ഉന്നയിച്ചിരുന്നു. 


Source link

Back to top button