NEWS

‘വിഡിയോ കോളിൽ ‘നീറ്റ്’ ചോദ്യപേപ്പർ കാണിക്കും, ആവശ്യപ്പെടുന്നത് 30,000 രൂപ’; പ്രതിയെ കണ്ടെത്താൻ പൊലീസ്


ജയ്പുർ ∙ നീറ്റ് ചോദ്യപേപ്പർ ചോർച്ചയെയും തട്ടിപ്പിനെയും കുറിച്ചുള്ള പരാതികളിൽ അജ്മീർ പൊലീസ് അന്വേഷണം ആരംഭിച്ചു. മുപ്പതിനായിരം രൂപ നൽകിയാൽ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് അജ്ഞാതനായ ഒരാൾ വിഡിയോ കോളിലൂടെ അവകാശപ്പെടുന്നതാണ് പുതിയ കേസ്. ഡിഎവി കോളജ് യൂണിയൻ പ്രസിഡന്റ് കൃഷ്ണ സിങ് താക്കൂർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വിദ്യാർഥികളെ വിഡിയോ കോളിൽ ചോദ്യപേപ്പർ കാണിച്ച് പണം തട്ടാൻ ശ്രമിക്കുന്നെന്നാണു പരാതിയിലുള്ളത്. ഒരു കോളജ് വിദ്യാർഥിനി വഴിയാണ് കൃഷ്ണ സിങ് താക്കൂർ ഈ വിവരമറിഞ്ഞത്. തുടർന്ന് സത്യമറിയാൻ അദ്ദേഹം തന്നെ ആ നമ്പറിലേക്ക് വിളിക്കുകയായിരുന്നു. ‘‘വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ച് ചൂഷണം ചെയ്യുകയാണ്. ഒരു പേപ്പർ കാണിച്ചുതന്ന് 30,000 രൂപ എന്നോട് ആവശ്യപ്പെട്ടു. ഇതിന്റെ റെക്കോർഡിങ് ‌പൊലീസിനു കൈമാറിയിട്ടുണ്ട്. പണം അയക്കാനായി എനിക്ക് ക്യൂആർ കോഡ് അയച്ചുതന്നു’’ – കൃഷ്ണ സിങ് താക്കൂർ പറഞ്ഞു. അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് ഹിമാൻഷു ജംഗിഡിനെ കണ്ട് കൃഷ്ണ സിങ് താക്കൂർ ഡിജിറ്റൽ തെളിവുകളും ക്യൂആർ കോഡും ഫോൺ നമ്പറും കൈമാറിയിട്ടുണ്ട്. മൊബൈൽ നമ്പറിന്റെ ലൊക്കേഷനും ക്യൂആർ കോഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഒപ്പം വിഡിയോ കോളിൽ കാണിച്ച ചോദ്യപേപ്പർ യഥാർഥമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 


Source link

Back to top button