മാസപ്പടി കേസ്; വീണയുടെ ലോക്കറിൽ നിന്ന് രേഖകളൊന്നും ലഭിച്ചില്ല, എസ്എഫ്ഐഒയുമായി ഇ ഡി ചർച്ച നടത്തും

തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് അന്വേഷണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ തുടർ ചോദ്യംചെയ്യലിൽ ഇ ഡിക്ക് തടസം. എസ്എഫ്ഐഒ രേഖകൾ ഇനിയും ഇ ഡിയ്ക്ക് ലഭിച്ചില്ല. കോടതി അനുവദിച്ച പത്ത് ദിവസത്തെ സമയം ബുധനാഴ്ച അവസാനിച്ചു. രേഖകൾക്കായി എസ്എഫ്ഐഒയുമായി ഇ ഡി ചർച്ച നടത്തും. 134 രേഖകളാണ് ലഭിക്കേണ്ടത്. രേഖകൾ ലഭിച്ച ശേഷം മാത്രമേ വീണയെ വീണ്ടും വിളിപ്പിക്കുന്നതിന്റെ തീയതി തീരുമാനിക്കൂ എന്നാണ് വിവരം.
താൽകാലിക കണ്ടുകെട്ടലിന്റെ തെളിവ് സമാഹരണമാണ് നിലവിൽ ഇ ഡി നടത്തുന്നത്. 242 അക്കൗണ്ടുകളിലായി 18 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇതിൽ വീണയുടെ രണ്ട് അക്കൗണ്ടും എക്സാലോജിക്കിന്റെ ഒരു അക്കൗണ്ടും ഉൾപ്പെടുന്നുണ്ട്. അതേസമയം, വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച ഇ ഡിയ്ക്ക് സിഎംആർഎല്ലുമായുള്ള ഇടപാടിന്റെ രേഖകൾ ഒന്നും കിട്ടിയില്ലെന്നാണ് സൂചന. എന്തെങ്കിലും സുപ്രധാന രേഖകൾ വീണ അന്വേഷണ ഏജൻസിയിൽ നിന്ന് മറച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലെ ലോക്കർ തുറന്ന് പരിശോധിച്ചത്.
Source link
NEWS


