NEWS

ആദ്യദിവസംതന്നെ നഷ്ടത്തിൽ സ്വകാര്യ ബസുകൾ; 60 ശതമാനം സ്ത്രീ യാത്രക്കാരെ നഷ്ടപ്പെട്ടെന്ന് ബസുടമകൾ


പത്തനംതിട്ട ∙ കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യയാത്ര പത്തനംതിട്ടയിൽ 4,720 സ്ത്രീകൾ പ്രയോജനപ്പെടുത്തി. കോന്നിയിൽ 2,824, റാന്നിയിൽ 2,486, അടൂരിൽ 11,860, തിരുവല്ലയിൽ 6,530, പന്തളത്ത് 3,394, മല്ലപ്പള്ളിയിൽ 5,946 എന്നിങ്ങനെ സ്ത്രീകൾ സൗജന്യയാത്ര നടത്തി. പത്തനംതിട്ട ഡിപ്പോയിൽനിന്ന് 13 റൂട്ടുകളിലാണു പ്രിയദർശിനി ഓർഡിനറി ബസുകൾ ഉള്ളത്. ഇതിൽ സ്ത്രീ യാത്രക്കാർ കൂടുതൽ പത്തനംതിട്ട– കൊല്ലം, പത്തനംതിട്ട– മലയാലപ്പുഴ– തലച്ചിറ, പത്തനംതിട്ട– ഇലവുംതിട്ട– ചെങ്ങന്നൂർ റൂട്ടിലാണ്. പത്തനംതിട്ട– കൊല്ലം റൂട്ടിൽ 30 മിനിറ്റ് ഇടവിട്ട് ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി ബസുണ്ട്. ഓമല്ലൂർ, കൈപ്പട്ടൂർ, തട്ട, അടൂർ, കടമ്പനാട്, ശാസ്താംകോട്ട വഴിയാണ് ഇവ കടന്നുപോകുന്നത്. കൊല്ലത്തുനിന്നു പത്തനംതിട്ട എത്തി വിവിധ ഓഫിസുകളിൽ ജോലി ചെയ്തു മടങ്ങുന്ന നിരവധി സ്ത്രീ യാത്രക്കാർക്ക് ഇന്ദിരാ ഗാരന്റി സൗജന്യയാത്ര അനുഗ്രഹമായി.പത്തനംതിട്ട– മലയാലപ്പുഴ– തലച്ചിറ റൂട്ടിൽ ദിവസം 14 ട്രിപ്പാണ് കെഎസ്ആർടിസി ഓർഡിനറി സർവീസ് നടത്തുന്നത്. സ്ത്രീകൾക്കു സൗജന്യ യാത്ര ചെയ്യാവുന്ന ഷെഡ്യൂളുകളാണ് എല്ലാം. മലയാലപ്പുഴ ക്ഷേത്രദർശനത്തിന് എത്തിയ സ്ത്രീകളുടെ തിരക്കാണ് ഈ ബസുകളിൽ. ഇലവുംതിട്ട, മെഴുവേലി വഴി പത്തനംതിട്ട– ചെങ്ങന്നൂർ റൂട്ടിൽ 30 മിനിറ്റ് ഇടവിട്ടു ബസ് ഉണ്ട്. മിക്കവാറും സ്ഥിരം യാത്രക്കാർ സ്ത്രീകളാണ്. കോന്നി ഡിപ്പോയിൽ 12 ഷെഡ്യൂളുകൾ ഉള്ളത്. ഇതിൽ കോന്നി മെഡിക്കൽ കോളജ്, കോട്ടാംപാറ , പത്തനംതിട്ട, പത്തനാപുരം എന്നീ റൂട്ടുകളിലാണ് സ്ത്രീകൾ കൂടുതലായി സൗജന്യ യാത്ര നടത്തിയത്.സ്ഥിരം യാത്രക്കാരിൽ കുറെ കെഎസ്ആർടിസിയുടെ സൗജന്യ യാത്രയിലേക്കു മാറിയതോടെ വരുമാനത്തിൽ ഇന്നലെ വലിയ കുറവ് ഉണ്ടായതായി കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ആർ.ഷാജി കുമാർ, ജില്ലാ സെക്രട്ടറി ലാലു മാത്യു എന്നിവർ പറഞ്ഞു. തെക്കൻ ജില്ലകളിലെ സ്വകാര്യ ബസുകളെയാണ് ഇത് കൂടുതൽ ബാധിച്ചതെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി വിലയിരുത്തി. ഇതിനു പരിഹാരമായി വാടക നിശ്ചയിച്ചു സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന നിർദേശമാണ് സ്വകാര്യ ബസ് ഉടമകൾക്കുള്ളത്. സംസ്ഥാന വൈസ് പ്രസിഡന്റ് സി.മനോജ് കുമാർ, ജില്ലാ പ്രസിഡന്റ് ആർ.ഷാജി കുമാർ, ജില്ലാ സെക്രട്ടറി ലാലു മാത്യു, വൈസ് പ്രസിഡന്റ് പ്രമോദ് കൃഷ്ണ, ട്രഷറർ അനീഷ് ഹസൻ എന്നിവർ പ്രസംഗിച്ചു.


Source link

Back to top button