NEWS

 കോളേജ് പ്രവേശനം സജീവം പിന്നാക്കവിഭാഗ വികസനവകുപ്പിന്റെ വെബ്സൈറ്റ് ‘പണിമുടക്കിൽ’ തന്നെ

കൊച്ചി: കോളേജുകളിലേക്ക് പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടി പുരോഗമിക്കുമ്പോഴും പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് തുണയാകേണ്ട ഔദ്യോഗിക വെബ്‌സൈറ്റ് നിശ്ചലം. വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ www.bcdd.kerala.gov.in ആണ് പ്രവർത്തനരഹിതമായി തുടരുന്നത്.
ഒ.ബി.സി, എസ്.ഇ.ബി.സി തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, യോഗ്യതാ മാനദണ്ഡം എന്നിവയെക്കുറിച്ച് വെബ്‌സൈറ്റിൽ വിവരം ലഭ്യമായിരുന്നു. സംവരണ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളും സംശയനിവാരണത്തിനായി ബന്ധപ്പെടേണ്ട വകുപ്പിന് കീഴിലുള്ള ജില്ലാ ഓഫീസുകളുടെ ഫോൺ നമ്പറും വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങളും ലഭ്യമായിരുന്നതിനാൽ വലിയ സഹായമായിരുന്നു.

വർഷങ്ങളായുള്ള അവഗണന

കഴിഞ്ഞവർഷവും ഇതേ അവസ്ഥയായിരുന്നു. ഹോസ്റ്റൽ പ്രവേശനം, കരിയർ പരിശീലന പദ്ധതികൾ, ആനുകൂല്യങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള പുതിയ നോട്ടിഫിക്കേഷനും അപ്‌ഡേറ്റും വെബ്‌സൈറ്റിൽ ഇല്ല. വിവരങ്ങൾക്കായി ഓഫീസുകളെ നേരിട്ട് ആശ്രയിക്കേണ്ടി വരും. അതേസമയം മുന്നാക്ക, ന്യൂനപക്ഷ വകുപ്പുകളുടെ സൈറ്റുകൾക്ക് പ്രശ്നങ്ങളില്ല. സെർവർ തകരാർ കാരണമാണ് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ വെബ്‌സൈറ്റ് താത്കാലികമായി പ്രവർത്തിക്കാത്തതെന്നാണ് വിശദീകരണം. പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ഐ.ടി വിഭാഗത്തിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.


Source link
NEWS

Back to top button