കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് ഒരാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു. തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്‌ഐ നേതാവുമായ ജിതിൻ ഭാസ്‌കറാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്ന് ചോദ്യംചെയ്യലിനായി ജിതിനെ പ്രത്യേക അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു. ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വടകര ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഓഫീസിൽ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തേ രണ്ട് തവണ ജിതിൻ ഭാസ്‌കറിനെ അന്വേഷണ സംഘം ചോദ്യംചെയ്‌തിരുന്നു. വടകര സ്‌ക്വാഡ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് ആദ്യമിട്ടത് ജിതിൻ ഭാസ്‌കറാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പാണിത്. വടകര ബ്ലോക്ക് ഡിവൈഎഫ്‌ഐ കമ്മിറ്റിയുടെയും വടകര മണ്ഡലം സിപിഎമ്മിന്റെയും നേതാക്കളാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ജിതിൻ ഭാസ്‌കർ തന്നെയാണ് സ്‌ക്രീൻഷോട്ട് നിർമിച്ചതെന്നാണ് പ്രാഥമിക വിവരം.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രചരിച്ചതാണ് കാഫിർ സ്‌ക്രീൻഷോട്ട്. യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെയാണ് കേസിൽ ആദ്യം പൊലീസ് പ്രതിചേർത്തത്. പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ് ഐപ്രവര്‍ത്തകന്‍ റിബേഷ് രാമകൃഷ്‌ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്‌തതെന്ന് കണ്ടെത്തി. ശേഷം അന്വേഷണം മുന്നോട്ടുപോയിരുന്നില്ല. പിന്നാലെ, യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് ആദ്യ അറസ്റ്റ്.
Source link
NEWS


