NEWS
മകളുടെ പഠനയാത്രയ്ക്കു കൂട്ടുപോയി; അൻപത്താറാം വയസ്സിൽ രണ്ടാം ബിരുദാനന്തര ബിരുദം, ഒന്നാം റാങ്കെന്ന നേട്ടവും

മേലൂർ ∙ മകളുടെ പഠനയാത്രയ്ക്കു കൂട്ടുപോയതാണ് ആ അമ്മ. പക്ഷേ, തിരികെ വരാനൊരുങ്ങുന്നത് ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കുകാരിയായി. മേലൂർ അടിച്ചിലി സ്വദേശിനി കെ.കെ.ഷീജുവെന്ന അൻപത്താറുകാരി പുതുച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്നു വിമൻ സ്റ്റഡീസിലാണ് റാങ്ക് നേടിയത്. ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റായ ഷീജു, മകൾ പാർവതിക്ക് 2024ൽ പുതുച്ചേരി കേന്ദ്ര സർവകലാശാലയിൽ സോഷ്യോളജിയിൽ ഗവേഷണത്തിന് അഡ്മിഷൻ ലഭിച്ചപ്പോഴാണു കൂടെപ്പോകാൻ തീരുമാനിക്കുന്നത്. സോഷ്യാളജിയിൽ നേരത്തെ പിജിയെടുത്ത ഷീജു ചാലക്കുടി നിർമല കോളജിലും തൃശൂർ കൈരളി വിദ്യാപീഠത്തിലും ചാലക്കുടി അമിറ്റി കോളജിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്പോട്ട് അഡ്മിഷനിലൂടെയാണ് ഷീജുവിന് ‘വിമൻ സ്റ്റഡീസിൽ’ പ്രവേശനം കിട്ടിയത്.തന്റെ മകളുടെ പ്രായമുള്ള കുട്ടികൾക്കൊപ്പം ക്ലാസിലിരിക്കുമ്പോൾ ആദ്യമൊക്കെ ചെറിയൊരു സങ്കോചം തോന്നിയിരുന്നെങ്കിലും പിന്നീട് അവരിലൊരാളായി ഷീജു മാറി. സ്വർണ മെഡലോടെ ഒന്നാം റാങ്ക് ലഭിച്ചതിനാൽ ഉപരാഷ്ട്രപതിയായിരിക്കും ബിരുദസമർപ്പണം നടത്തു ക. പഠനത്തോടൊപ്പം പുതുച്ചേരിയിൽ ‘പോഷ് ആക്ട്’ ട്രെയിനറായും ഷീജു തിളങ്ങി. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾക്ക് എതിരെ അവബോധം പകരുന്നതിൽ സജീവമായ ഇടപെടലാണു ഷീജു പോണ്ടിച്ചേരിയിൽ നടത്തുന്നത്. ഷീജുവിന്റെ മറ്റൊരു മകളായ ലക്ഷ്മിയും ഇതേ യൂണിവേഴ്സിറ്റിയിൽ നിന്നു സോഷ്യോളജിയിൽ പിജി എടുത്ത ശേഷം ‘ടീച്ച് ഫോർ ഇന്ത്യ’യിൽ പ്രോഗ്രാം മാനേജരായി ജോലി ചെയ്യുകയാണ്.
Source link


