NEWS

‘ആശങ്ക വേണ്ട’; സ്വകാര്യ സർവീസുകൾ ഇനി പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രിയദർശനി പദ്ധതി ഔദാര്യമല്ലെന്നും യുഡിഎഫ് സർക്കാർ സ്ത്രീകളെ ആദരിക്കുന്നതിൻ്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ. അധികാരത്തിലേറി ഒരുമാസം കഴിയുന്നതിന് മുൻപ് ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞു. ഇത് പ്രിയദർശിനി പദ്ധതിയുടെ ഒന്നാംഭാഗം മാത്രമാണ്. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോലി സംബന്ധമായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്ന പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് ഈ പദ്ധതി ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും നാള്‍ ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മാറെട്ടെയെന്ന് പറഞ്ഞ അദ്ദേഹം സമൂഹത്തിലെ എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്നും കൂട്ടിച്ചേർത്തു.

കെഎസ്ആ‌ർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയ്‌ക്കെതിരായ മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിനും മുഖ്യമന്ത്രി മറുപടി നൽകി. മെൻസ് അസോസിയേഷന്റെ പ്രതിഷേധം തനിയ്ക്ക് രസകരമായി തോന്നിയെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അവര്‍ വേറെ ബസിലൊക്കെ യാത്ര ചെയ്യുന്നുണ്ട്. താനൊരു പുരുഷ വിരോധിയൊന്നുമല്ല. സ്ത്രീകളുടെ കൈയിലാണെങ്കില്‍ മിച്ചം വരുന്ന പൈസ വീട്ടില്‍ എത്തും. പക്ഷേ പുരുഷനാണെങ്കില്‍ ഈ പൈസ കുറച്ച് പേര് വീട്ടില്‍ കൊടുക്കും. ബാക്കി എവിടെ പോകും, സര്‍ക്കാരിന് തന്നെ കിട്ടുമെന്ന് തമാശ രൂപേണ അദ്ദേഹം പറഞ്ഞു.

അതേസമയം, സ്വകാര്യ സർവീസുകൾ ഇനി പൊതുഗതാഗത സംവിധാനത്തിൻ്റെ ഭാഗമാണെന്നും അവർ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അവർക്ക് മുന്നോട്ടുവരാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ചെയ്തുനൽകും. പൊതുഗതാഗത സംവിധാനം മെച്ചപ്പെട്ടാൽ സ്വകാര്യ വാഹന ഉപയോഗവും നിരത്തുകളിലെ തിരക്കും കുറയ്ക്കാനാകും. ഇതിനായി സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ചുള്ള സംവിധാനം സർക്കാർ ആലോചിക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു.


Source link
NEWS

Back to top button