NEWS
80 സീറ്റുകൾ വരെ നൽകാൻ ആലോചന; ഉത്തർപ്രദേശ് പിടിക്കാൻ കോൺഗ്രസ് – എസ്പി സഖ്യം ?

ലക്നൗ ∙ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷത്തോളം ബാക്കിനിൽക്കെ, ബിജെപി ക്യാംപിലും പ്രതിപക്ഷ നിരയിലും ഒരുക്കങ്ങൾ സജീവം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിൽ ഇതിനകം പുനഃസംഘടന പൂർത്തിയായി കഴിഞ്ഞു. ഇതിനിടെ, കോൺഗ്രസ്-സമാജ്‌വാദി പാർട്ടി (എസ്പി) പ്രവർത്തകർ പുതിയൊരു സഖ്യത്തിനായുള്ള കാത്തിരിപ്പിലാണ്. ഇരുപക്ഷത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, സഖ്യം യാഥാർഥ്യമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇരുപാർട്ടികളിലെയും മുതിർന്ന നേതാക്കൾ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം ഇരുപാർട്ടികൾക്കും വലിയ നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തത്. യുപിയിലെ 80 സീറ്റുകളിൽ 43 എണ്ണവും ഈ സഖ്യമാണ് നേടിയത്. ഈ വിജയം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും തുടരേണ്ടത് അനിവാര്യമാണെന്നാണ് പാർട്ടികൾക്കുള്ളിലെ പൊതുവികാരം.സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും. സീറ്റുകളുടെ എണ്ണത്തെച്ചൊല്ലി തർക്കങ്ങൾ ഉണ്ടായേക്കാമെങ്കിലും, ഇരുവർക്കും സമ്മതമായ ഒരു ഫോർമുല കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇരുപക്ഷവും. സമാജ്‌വാദി പാർട്ടി കോൺഗ്രസിനു 60 മുതൽ 80 വരെ സീറ്റുകൾ നൽകാൻ ആലോചിക്കുമ്പോൾ, 120 ഓളം സീറ്റുകൾ വേണമെന്ന നിലപാടിലാണ് കോൺഗ്രസ്.സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഇപ്പോൾ സംസ്ഥാനത്തുടനീളം പര്യടനത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം ആഗ്ര സന്ദർശിച്ചിരുന്നു. എല്ലാ ജില്ലകളിലും പാർട്ടി ജാതി സർവേകൾ നടത്തിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും നേരിട്ട് കണ്ട് ചർച്ചകൾ നടത്തിയ ശേഷമായിരിക്കും സ്ഥാനാർഥി നിർണയം.
Source link


