NEWS
‘നീതി നിഷേധം’: അപേക്ഷിച്ചത് രണ്ടര ദിവസത്തെ അവധിയെന്ന് റീന; സർക്കാരിനോട് ആലോചിക്കാതെ നടപടിയെടുത്തത് തെറ്റെന്ന് മന്ത്രി

തിരുവനന്തപുരം∙ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. പകര്‍ച്ചവ്യാധിക്കാലത്ത് ഡോ.റീന 15 ദിവസം അവധി എടുത്തുവെന്ന് സ്ഥലംമാറ്റ ഉത്തരവില്‍ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഡോ. കെ.ജെ. റീന രംഗത്തെത്തി. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ആരോഗ്യകാരണങ്ങളാല്‍ താന്‍ രണ്ടര ദിവസത്തെ അവധി മാത്രമാണ് അപേക്ഷിച്ചതെന്നും ഡോ. റീന പറഞ്ഞു. മൂന്നു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയതിനാലും സര്‍ക്കാരിനോട് ആലോചിക്കാതെ ചില നടപടി സ്വീകരിച്ചതിനാലുമാണ് സ്ഥലം മാറ്റമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന് പറഞ്ഞു. പുതിയ സര്‍ക്കാരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചാര്‍ജെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ചര്‍ച്ചയും നടത്താതെ ശബരിമലയിലേക്കു ഡോക്ടര്‍മാരെ നല്കാന് കഴിയില്ലെന്ന് കത്തു നല്‍കിയത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരെ കൊടുക്കില്ലെന്ന് കത്തു നല്‍കിയത്. അത് സര്‍ക്കാരിന്റെ ചുമതല അല്ലേ. അവര്‍ ലീവിന് അപേക്ഷിച്ചതില്‍ തെറ്റില്ല. പക്ഷെ സര്‍ക്കാരിന്റെ സിസ്റ്റത്തിനോടു സഹകരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ശബരിമലയിലേക്കു ഡോക്ടര്‍മാരെ നിയോഗിക്കുന്നതില്‍ ദേവസ്വത്തെ ബുദ്ധിമുട്ട് അറിയിച്ചത് സ്വന്തം തീരുമാനമായിരുന്നില്ലെന്നും ഡോ.റീന പറഞ്ഞു. പബ്ലിക് ഹെല്‍ത്ത് സ്റ്റേറ്റ് നോഡല്‍ ഓഫിസറും അഡീ.ഡയറക്ടറും യോഗത്തില്‍ കാര്യങ്ങള്‍ വിശദമായി ദേവസ്വത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കത്തു നല്‍കിയത്. കത്തു നല്കുന്നതിനു മുന്‍പ് ബന്ധപ്പെട്ട ഡോക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുകയും ചെയ്തു. ശബരിമലയില്‍ ഒരു സ്ഥിരം സംവിധാനം ആവശ്യമാണെന്നു തോന്നിയതിനാലാണ് കത്തു നല്‍കിയത്. മണ്ഡലകാലത്ത് ആദ്യനാലു ദിവസമാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ശാരീരികാസ്വാസ്ഥ്യം മൂലം മരിച്ചത്. ശരിയായ വിധത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമായിരുന്നില്ല. ഇതെല്ലാം ആരോഗ്യവകുപ്പല്ലേ ചൂണ്ടിക്കാട്ടേണ്ടതെന്നും ഡോ.റീന ചോദിച്ചു.
Source link


