NEWS
പൊലീസ് പിണറായിയുടെ വീടിനു മുന്നിൽ മിനി സ്റ്റേഷനായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ; പ്രാഥമികകൃത്യങ്ങൾക്കു സൗകര്യമില്ലാതെ കഴിയുന്നത് 8 ഉദ്യോഗസ്ഥർ

കണ്ണൂർ ∙ കെഎൽ 01 ബിആർ 9569 പൊലീസ് ജീപ്പ് പിണറായി പാണ്ട്യാലമുക്കിലെ ‘പ്രവിക്’ വീടിനു മുന്നിൽ മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കൊല്ലങ്ങളായി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് തുടങ്ങിയ ജീപ്പ് പൊലീസ് സ്റ്റേഷൻ അദ്ദേഹം പ്രതിപക്ഷ നേതാവായ ശേഷവും തുടരുകയാണ്. കണ്ണൂർ എആർ ക്യാംപിലെ 2 എസ്ഐമാരും 6 സിവിൽ പൊലീസ് ഓഫിസർമാരുമാണ് പ്രാഥമികകൃത്യങ്ങൾക്കു സൗകര്യം പോലുമില്ലാതെ കൊല്ലങ്ങളായി ഇവിടെ ജോലി ചെയ്യുന്നത്.പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ 2 സായുധ പൊലീസിനെയാണ് വീടിനു കാവലായി നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ വീടു കാണാനും മൊബൈലിൽ വിഡിയോ ചിത്രീകരിക്കാനും ആളുകളെത്താൻ തുടങ്ങിയതോടെയാണ് സിറ്റി പൊലീസ് കമ്മിഷണർ ഇടപെട്ട് പൊലീസ് ജീപ്പിൽ റസിഡൻസ് ഡ്യൂട്ടിക്ക് സേനാംഗങ്ങളെ നിയമിച്ചത്. ഒരു എസ്ഐയും 2 പൊലീസുകാരുമാണ് ഒരു സമയം ഡ്യൂട്ടിക്കുണ്ടാകുക. ആദ്യം കൊണ്ടുവന്ന പൊലീസ് ജീപ്പിൽ പാമ്പ് കയറിയതോടെയാണ് ഇപ്പോഴത്തെ ജീപ്പ് വന്നത്. കൊണ്ടുവന്നതിനു ശേഷം വാഹനം സ്റ്റാർട്ട് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ പ്രവർത്തനക്ഷമവുമല്ല. റോഡരികിൽ മതിലിനോടു ചേർത്ത് നിർത്തിയിട്ടിരിക്കുകയാണ്. ഇതിനരികിൽ കസേരയിട്ട് പൊലീസുകാർ ഇരിക്കും.മുൻ സ്പീക്കർ എ.എൻ.ഷംസീറിന് റസിഡൻസ് ഡ്യൂട്ടിക്ക് ഇപ്പോഴും 4 പൊലീസുകാരുണ്ട്. സിപിഎം നേതാവ് പി.ജയരാജന് 4, ഇ.പി.ജയരാജന് 2, കോൺഗ്രസ് നേതാവ് കെ.സുധാകരന് 2 എന്നിങ്ങനെയാണ് റസിഡൻസ് ഡ്യൂട്ടിക്കുള്ളവരുടെ കണക്ക്.
Source link


