NEWS

മോട്ടർവാഹന ചെക്പോസ്റ്റുകൾ നിർത്തലാക്കും; പകരം സ്ക്വാഡുകളുടെ 24 മണിക്കൂർ പരിശോധന


തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ മോട്ടർവാഹന ചെക്പോസ്റ്റുകളും നിർത്തലാക്കി പകരം എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ 24 മണിക്കൂർ പരിശോധന നടപ്പാക്കണമെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ ഭരണപരിഷ്കാര സംഘത്തിന്റെ പഠനറിപ്പോർട്ടിൽ ശുപാർശ. ചെക്പോസ്റ്റുകളെക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്കു കഴിയും. മോട്ടർവാഹന സേവനങ്ങൾക്കു രാജ്യത്താകെ ഓൺലൈൻ സൗകര്യം നിലവിലായതോടെ, മിക്ക സംസ്ഥാനങ്ങളും ചെക്പോസ്റ്റുകളുടെ പ്രവർത്തനം നിർത്തി. ജിഎസ്ടി ചെക്പോസ്റ്റുകളും ഇപ്പോഴില്ല. എന്നാൽ, കേരളത്തിൽ മാത്രം മോട്ടർവാഹന വകുപ്പിന്റെ 19 ചെക്പോസ്റ്റുകൾ ഇപ്പോൾ പ്രവർത്തിക്കുകയാണ്.ഇതിൽ ഒരിടത്തു പോലും പെർമിറ്റ് ഉൾപ്പെടെയുള്ള നികുതികളോ ഫീസുകളോ പിരിക്കുന്നില്ല. ആർടി ഓഫിസുകളിൽ നിന്നുള്ള ജീവനക്കാരെയാണു ചെക്പോസ്റ്റുകളിൽ നിയോഗിക്കുന്നത്. നേരത്തേ 24 മണിക്കൂർ പ്രവർത്തിച്ചിരുന്ന ചെക്പോസ്റ്റുകൾ ഇപ്പോൾ 8 മണിക്കൂറാക്കി കുറച്ചിട്ടുണ്ട്. എന്നിട്ടും ആകെ 46 തസ്തികകൾ ചെക്പോസ്റ്റുകളിലേക്കു വേണം. വാഹനപരിശോധന നടത്തുകയാണു ചെക്പോസ്റ്റുകളുടെ ഉദ്ദേശ്യമെങ്കിൽ ഇപ്പോഴുള്ള രീതി യുക്തിസഹമല്ല. നിയമലംഘനം നടത്തി കടന്നുപോകുന്ന വാഹനങ്ങളെ പിന്തുടരാനുള്ള സൗകര്യവും ചെക്പോസ്റ്റുകളിലില്ല. അതിനാൽ ചെക്പോസ്റ്റുകൾ പൂട്ടി പകരം എൻഫോഴ്സ്മെന്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിന് 12 പുതിയ സ്ക്വാഡുകൾ രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.


Source link

Back to top button