NEWS

അംഗത്വം പുതുക്കിയത് ഒരാഴ്ച മുൻപ്: എ.പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം, തീരുമാനം 15ന്


തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ എ.പത്മകുമാറിനെതിരെ ഒടുവില്‍ നടപടിയെടുക്കാന്‍ സിപിഎം. സംഘടനാ നടപടി ചര്‍ച്ച ചെയ്യാന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 15ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ചേര്‍ന്നു നടപടി പ്രഖ്യാപിക്കാനാണു സാധ്യത. പത്മകുമാറിനെ പാര്‍ട്ടി പരിപാടികളില്‍നിന്നു മാറ്റിനിര്‍ത്താന്‍ മാത്രമായിരുന്നു ഇതുവരെയുള്ള നിര്‍ദേശം. കഴിഞ്ഞ ആഴ്ച പത്മകുമാര്‍ പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നു. തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യുന്ന റിപ്പോര്‍ട്ടില്‍ സ്വര്‍ണ്ണക്കൊള്ള സംബന്ധിച്ച വിമര്‍ശനം സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. എന്നാല്‍, നടപടി പരാമര്‍ശിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു. പത്മകുമാറിനെതിരെ ജില്ലാ കമ്മിറ്റി തുടര്‍നടപടി എടുക്കുമെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസില്‍ നിലവില്‍ ജാമ്യത്തിലാണ് പത്മകുമാര്‍. കോന്നി മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പത്മകുമാറിനെ നവംബര്‍ 20നാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിക്കേസിലായിരുന്നു അറസ്റ്റ്. ഡിസംബര്‍ രണ്ടിന് ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണംകവര്‍ന്ന കേസിലും അറസ്റ്റ് രേഖപ്പെടുത്തി. ശബരിമലയില്‍നിന്നു സ്വര്‍ണം കവരുന്നതിന് ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തുവെന്നും കൃത്യവിലോപം നടത്തി കൊള്ളയ്ക്കു വഴിയൊരുക്കിയെന്നുമാണ് പത്മകുമാറിനെതിരെ അന്വേഷണ സംഘം കണ്ടെത്തിയത്. മൂന്നര മാസത്തോളം ജയിലില്‍ കഴിഞ്ഞശേഷമാണ് പത്മകുമാര്‍ ജാമ്യത്തിലിറങ്ങിയത്. പാര്‍ട്ടിയെ ഗുരുതര പ്രതിസന്ധിയിലാക്കിയിട്ടും പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രതിപക്ഷം ഉള്‍പ്പെടെ ആയുധമാക്കിയിരുന്നു. പാര്‍ട്ടി അണികളും ഇതില്‍ വലിയ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു.


Source link

Back to top button