NEWS

വിദ്യാർത്ഥി കൺസെഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസിൽ വർദ്ധന? വ്യക്തത വരുത്തി കെഎസ്‌ആർടിസി

തിരുവനന്തപുരം: വിദ്യാർത്ഥി കൺസെഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയായി വർദ്ധിപ്പിച്ചുവെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് കെഎസ്ആർടിസി. മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കെഎസ്ആർടിസി ചൂണ്ടിക്കാട്ടി.

പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് കൺസെഷൻ കാർഡ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമായി ഓരോ അദ്ധ്യയന വർഷാരംഭത്തിലും 110 രൂപ ഈടാക്കിയിരുന്നു. ഇതിൽ 100 രൂപ പ്രോസസിംഗ് ഫീസും (സർവീസ് ചാർജ്, സോഫ്റ്റ്‌വെയർ പരിപാലന ചെലവ് തുടങ്ങിയവ) 10 രൂപ കാർഡിന്റെയും അനുബന്ധ സ്റ്റേഷനറി സാമഗ്രികളുടെയും ചെലവുമാണ്.

വിദ്യാർത്ഥികൾക്കായി ആർഎഫ്ഐഡി അടിസ്ഥാനത്തിലുള്ള സ്മാർട്ട് കാർഡ് സംവിധാനം നടപ്പിലാക്കിയതോടെ പേപ്പർ കാർഡുകൾക്ക് പകരം ആർഎഫ്ഐഡി കാർഡുകൾ സൗജന്യമായി നൽകുകയും നിലവിലുള്ള കാർഡുകൾ തന്നെ തുടർന്നും പുനരുപയോഗിക്കുന്ന സംവിധാനത്തിലേക്ക് മാറുകയും ചെയ്തിരിക്കുകയാണ്. ഇതോടെ പുതിയ കാർഡോ അനുബന്ധ സ്റ്റേഷനറി സാമഗ്രികളോ നൽകേണ്ട സാഹചര്യമില്ലാത്തതിനാൽ മുമ്പ് ഈടാക്കിയിരുന്ന 10 രൂപ സ്റ്റേഷനറി ചാർജ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ നിലവിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ നിന്ന് 100 രൂപ പ്രോസസ്സിംഗ് ഫീസ് മാത്രമാണ് കൺസഷൻ പുതുക്കലിനായി ഈടാക്കുന്നത്.

അതിനാൽ, വിദ്യാർത്ഥി കൺസഷൻ പുതുക്കൽ ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയാക്കി വർദ്ധിപ്പിച്ചുവെന്ന പ്രചാരണം യാഥാർത്ഥ്യവിരുദ്ധമാണ്. മറിച്ച് മുൻപ് ഈടാക്കിയിരുന്ന 110 രൂപയിൽ നിന്ന് 100 രൂപയായി തുക കുറയ്ക്കുകയും ആർഎഫ്ഐഡി കാർഡുകൾ സൗജന്യമായി നൽകുകയുമാണ് ചെയ്യുന്നതെന്നും കെഎസ്‌ആർടിസി വ്യക്തമാക്കി.


Source link
NEWS

Back to top button