ശബരിമല വഴിപാട് തട്ടിപ്പിലും ഹൈക്കോടതി പിടിമുറുക്കി

കൊച്ചി: ബില്ലോ വൗച്ചറോ കൂടാതെ ശബരിമലയിൽ നിത്യപൂജാ സാധനങ്ങൾ കൈപ്പറ്റുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി. 10 വർഷത്തെ അഷ്ടാഭിഷേകം, മഹാനിവേദ്യം, ഗണപതി ഹോമം തുടങ്ങിയ വഴിപാടുകളുടെ മുഴുവൻ രേഖകളും 10 ദിവസത്തിനകം ഹാജരാക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദ്ദേശിച്ചു.
സുനിൽ സ്വാമിയെന്ന സുനിൽ കുമാറോ മറ്റ് സ്പോൺസർമാരോ നൽകിയ സാധനങ്ങളുടെ വിവരങ്ങൾ, സ്റ്റോക്ക് രജിസ്റ്റർ എന്നിവ സമർപ്പിക്കണം. ദേവസ്വം ബോർഡിന്റെ കണക്കുകൾ പരിശോധിച്ച ഓഡിറ്റർമാരുടെ വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടുകളും ഹാജരാക്കണം. നിലവിലെ രീതികൾ സുതാര്യമാണോ എന്ന് പരിശോധിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിനും കോടതി നിർദ്ദേശം നൽകി.
ശബരിമല ക്ഷേത്ര ഭരണത്തിലും വഴിപാട് നടത്തിപ്പിലും ഗുരുതര ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണിത്. അഷ്ടാഭിഷേക പൂജകൾക്കായി സാധനങ്ങൾ വാങ്ങുന്നതിൽ വൻ ക്രമക്കേട് നടക്കുന്നതായി സ്പെഷ്യൽ കമ്മിഷണറും റിപ്പോർട്ട് നൽകിയിരുന്നു. സുനിൽ സ്വാമിയുടെ സ്പോൺസർഷിപ്പിൽ സുതാര്യതയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കേസ് വീണ്ടും 19ന് പരിഗണിക്കും. ദേവസ്വം ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ അഭിഭാഷകന്റെ അഭ്യർത്ഥനപ്രകാരം മൂന്നാഴ്ച അനുവദിച്ചു.
ദേവസ്വം ന്യായീകരണം വിചിത്രം
വഴിപാട് സാധനങ്ങൾ വാങ്ങാൻ കേരള ഫിനാൻഷ്യൽ കോഡോ പർച്ചേസ് മാനുവലോ പാലിക്കേണ്ടതില്ലെന്നായിരുന്നു ദേവസ്വം ബോർഡിന്റെ വാദം. ഈ നിലപാട് പൊതു സാമ്പത്തിക ഭരണത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവും അഴിമതിക്ക് വഴിതുറക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു.
സാധനങ്ങൾ പെട്ടെന്ന് കേടാകുന്നവ ആയതിനാൽ ബില്ലുകൾ പ്രായോഗികമല്ലെന്ന ബോർഡിന്റെ ന്യായീകരണം വിചിത്രമാണ്. സാധനങ്ങൾ കേടാകുന്നവയാണെങ്കിൽ കൃത്യമായ രേഖകൾ സൂക്ഷിക്കേണ്ടത് അഴിമതി തടയാൻ അനിവാര്യമാണ്. 1250 ക്ഷേത്രങ്ങളുള്ള ദേവസ്വം ബോർഡിന് സുതാര്യതയിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
Source link
NEWS


