55 വാഹനങ്ങളും 560 പൊലീസുകാരും: പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രിയായിരുന്ന താൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസുകാരുടെയും അകമ്പടിയോടെ ആയിരുന്നു എന്ന പ്രസ്താവനയ്ക്കെതിരെ നിയനടപി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മേജർ രവിയെപ്പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. ഇക്കാര്യത്തിൽ വ്യാജ വീഡിയോകൾ നിർമ്മിച്ച് ഷെയർ ചെയ്തവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും വാർത്താകുറിപ്പിലുണ്ട്.
‘ഇന്നസെന്റിന്റെ നിര്യാണവേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു എന്ന ബി ജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. ഇതുപോലെ ചില പ്രൊഫൈലുകളിൽ വ്യാജ വീഡിയോ നിർമ്മിച്ച് ഷെയർ ചെയ്തതായും ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാൽ ഈ അടിസ്ഥാനരഹിതമായ വ്യാജ നിർമ്മിതി ആർക്കും മനസിലാവുന്നതേ ഉള്ളൂ. പക്ഷേ, മേജർ രവിയെപ്പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. വസ്തുതാ വിരുദ്ധമായി നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കും’- വാർത്താകുറിപ്പിൽ പറയുന്നു.
കഴിഞ്ഞദിവസം, അന്തരിച്ച നടൻ സലിംകുമാറിന് അന്ത്യോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ എത്തിയതിന് പിന്നാലെയാണ് പിണറായിക്കെതിരെ സോഷ്യൽ മീഡിയ പ്രചാരണം ശക്തമായത്.ഇതിന് മറുപടിയായി ഇന്നസെന്റിന് പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കാൻ എത്തിയതിന്റെ യഥാർത്ഥ ചിത്രങ്ങൾ ഇടത് അനുകൂലികൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
Source link
NEWS


