LIFESTYLE
35,000 വാടക! ബാൽക്കണിയും വായുസഞ്ചാരവുമില്ല: വീട്ടിൽ എസി ഉപയോഗിച്ചതിന് അപമാനിച്ച് ഉടമ

ബെംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിലെ വാടകവീടുകളിൽ താമസിക്കുന്നവരോളം ബുദ്ധിമുട്ടനുഭവിക്കുന്നവർ വേറെയുണ്ടോ എന്ന് സംശയിച്ചുപോകുന്ന തരത്തിലാണ് ഈ നഗരങ്ങളിലെ അവസ്ഥ. വളരെ കഷ്ടപ്പെട്ട് വാടകവീട് കണ്ടെത്തിക്കഴിഞ്ഞാലും താമസക്കാരുടെ ജീവിതരീതിയും പെരുമാറ്റവും കൂട്ടുകെട്ടുകളും വരെ വീടുടമസ്ഥർ നിയന്ത്രിക്കുന്ന അവസ്ഥ. ഇതിനെക്കുറിച്ച് നിരന്തരം റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും വാടകവീടുകൾക്ക് ആവശ്യക്കാർ ഏറെയായതുമൂലം വീട്ടുടമസ്ഥരുടെ മനോഭാവത്തിൽ കാര്യമായ മാറ്റമൊന്നും വരുന്നുമില്ല. ബെംഗളൂരുവിലെ ഒരു ചെറിയ വീട്ടിൽ 35000 രൂപ മാസ വാടക നൽകി ജീവിക്കുന്ന യുവാവ് ഇഷ്ടാനുസൃതം എസി ഉപയോഗിച്ചതിന് വീട്ടുടമയിൽ നിന്നും ‘മണ്ടൻ’ എന്ന വിളി കേൾക്കേണ്ടി വന്ന സംഭവമാണ് ഈ കൂട്ടത്തിൽ ഒടുവിലത്തേത്.കോറമംഗല മേഖലയിൽ ബാൽക്കണിയോ വേണ്ടത്ര വായുസഞ്ചാരമോ ഇല്ലാത്ത ഒരു വീട്ടിലാണ് താൻ കഴിയുന്നത് എന്ന് റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റിൽ വാടകക്കാരൻ പറയുന്നു. സ്വസ്ഥമായി വീട്ടിലിരിക്കണമെങ്കിൽ എസിയെ ആശ്രയിച്ചേ മതിയാകൂ. വാടകയിൽ യൂട്ടിലിറ്റി കൂടി ഉൾപ്പെടുന്നതിനാൽ ഇഷ്ടാനുസരണം ഉപയോഗിക്കാം എന്ന് കരുതുകയും ചെയ്തു. യഥാർഥത്തിൽ ‘വെന്റിലേഷൻ കുറവാണെങ്കിലും എസി ഉണ്ടല്ലോ’ എന്ന ഒറ്റ കാരണത്താലാണ് വൻതുക വാടക നൽകി വീടെടുക്കാൻ തീരുമാനിച്ചത് എന്നും യുവാവ് പറയുന്നു.എന്നാൽ താമസം ആരംഭിച്ചതിന് പിന്നാലെ പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു.അമിതമായി എസി ഉപയോഗിക്കുന്നു എന്ന കാരണം പറഞ്ഞ് വീട്ടുടമ പരാതിയുമായി എത്തി. വൈദ്യുതി വാടകക്കാരന് സൗജന്യമായി ലഭിക്കുകയാണെന്നും അതിനാൽ എസി ദുരുപയോഗം ചെയ്യുകയാണെന്നുമായിരുന്നു വീട്ടുടമയുടെ പക്ഷം. ഇങ്ങനെ പെരുമാറുന്ന വാടകക്കാരൻ വിഡ്ഢിയും മണ്ടനുമാണെന്ന് പറഞ്ഞ് അപമാനിക്കാനും ഉടമ മടിച്ചില്ല. എന്നാൽ വായു കടന്നത്താൻ മറ്റൊരു മാർഗവുമില്ലാത്ത മുറിക്കുള്ളിൽ കഴിയുന്നിടത്തോളം കാലം എസിയെ ആശ്രയിക്കുകയല്ലാതെ മറ്റു തരമില്ല എന്ന് വാടകക്കാരൻ പറയുന്നുണ്ട്. ഈ മാനസിക പീഡനം സഹിക്കാൻ കഴിയില്ലെന്നും അതിനാൽ വീട് മാറി എത്രയും പെട്ടെന്ന് പുതിയതൊന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.വീട്ടുടമസ്ഥരുടെ ന്യായമല്ലാത്ത ഇടപെടലുകളും ബുദ്ധിമുട്ടുണ്ടാക്കുന്ന പെരുമാറ്റങ്ങളും സഹിക്കുന്ന നിരവധി വാടകക്കാരാണ് പോസ്റ്റിന് പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രീമിയം വില നൽകി അടിസ്ഥാന സൗകര്യങ്ങൾ മാത്രം കഷ്ടിച്ചുള്ള വീടുകളിൽ താമസിക്കേണ്ടിവരുന്നതിന്റെ രോഷമാണ് ഭൂരിഭാഗം ആളുകളും പങ്കുവയ്ക്കുന്നത്.വീടു കിട്ടാൻ എത്രയൊക്കെ കഷ്ടപ്പാടുണ്ടെങ്കിലും നൽകുന്ന പണത്തെക്കുറിച്ചും ഉപയോഗിക്കാവുന്ന സൗകര്യങ്ങളെക്കുറിച്ചും കൃത്യമായി കരാറിൽ വ്യവസ്ഥ ചെയ്തതിനുശേഷം മാത്രമേ താമസമാരംഭിക്കാവൂ എന്നതാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
Source link
CINEMA
CINEMA


