NEWS
കാറിന്റെ ഇന്ധന ടാങ്കിൽ എംഡിഎംഎ കടത്ത്: മുഖ്യസൂത്രധാരൻ നൈജീരിയൻ സ്വദേശിയെ പിടികൂടിയത് ഡൽഹിയിൽനിന്ന്

പന്തളം ∙ കാറിന്റെ ഇന്ധന ടാങ്കിൽ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യസൂത്രധാരനായ നൈജീരിയൻ സ്വദേശിയെ പന്തളം പൊലീസും ജില്ലാ ഡാൻസാഫ് സംഘവും ചേർന്നു ഡൽഹിയിൽനിന്നു പിടികൂടി. സാമുവൽ ക്ലെഫ്സൺ ഒകാഫോറാണ്(45) ഉത്തംനഗറിലെ ഫ്ലാറ്റിൽ നിന്നു പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് അന്വേഷണവും അറസ്റ്റും. കേസിലെ മൂന്നാം പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കഴിഞ്ഞ 15നാണ് കേസിനു തുടക്കം. കാറിന്റെ ഇന്ധന ടാങ്കിനുള്ളിൽ ഒളിപ്പിച്ച് ബാംഗ്ലൂരിൽ നിന്നു ഇടനിലക്കാരൻ വഴി കടത്തിക്കൊണ്ടുവന്ന 395.296 ഗ്രാം എംഡിഎംഎ പന്തളം വലിയപാലത്തിനു സമീപം പൊലീസും ഡാൻസാഫ് സംഘവും ചേർന്നു പിടികൂടിയിരുന്നു. ഈ കേസിൽ കാറിലുണ്ടായിരുന്ന അടൂർ കോട്ടമുകൾ പാലവിളയിൽ മുഹമ്മദ് ഷാൻ, അടൂർ പറക്കോട് തറയിൽ വീട്ടിൽ ഷംനാദ് എന്നിവർ അന്നു തന്നെ അറസ്റ്റിലായി. തുടരന്വേഷണത്തിൽ മുഹമ്മദ് ഷാനിന്റെ ഭാര്യ ഷെബീന ഖാൻ കഴിഞ്ഞ 18നും അറസ്റ്റിലായി. പ്രതികളുടെ മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണു നൈജീരിയൻ സ്വദേശി പ്രതിസ്ഥാനത്തെത്തുന്നത്.മറ്റ് പ്രതികളുടെ ഫോണുകളും അക്കൗണ്ടുകളും കേന്ദ്രീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ലഹരിവ്യാപാരത്തിലെ മുഖ്യസൂത്രധാരനായ സാമുവലിലേക്കെത്തിയതെന്നും പൊലീസിന്റെ അന്വേഷണമികവ് പ്രശംസാർഹമാണെന്നും ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു. ഡൽഹി പൊലീസിന്റെയും നർകോട്ടിക് സെല്ലിന്റെയും സഹായത്തോടെയായിരുന്നു അറസ്റ്റ്. സുരക്ഷാപ്രശ്നം കണക്കിലെടുത്തു വിമാനത്തിലാണു പ്രതിയെ നെടുമ്പാശേരിയിലെത്തിച്ചത്. ഓപ്പറേഷൻ തൂഫാനിൽ ശ്രദ്ധേയമായ അന്വേഷണമായി കഴിഞ്ഞ ദിവസം മന്ത്രി രമേശ് ചെന്നിത്തലയും പന്തളം കേസ് പരാമർശിച്ചിരുന്നു.
Source link


