NEWS
വിവാഹമോചന കേസിൽ 23 വർഷം നീണ്ട നിയമപോരാട്ടം; ഇന്ത്യൻ വംശജയ്ക്ക് ലഭിച്ചത് 85 കോടി രൂപ

ലണ്ടൻ ∙ 23 വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ ഇന്ത്യൻ വംശജയ്ക്ക് വിവാഹമോചന കേസിൽ അനുകൂലവിധി. യുകെയിലെ ഏറ്റവും ശ്രദ്ധേയമായ വിവാഹമോചന പോരാട്ടങ്ങളിലൊന്നിലൂടെ 6.6 മില്യൺ പൗണ്ട് (ഏകദേശം 85 കോടി രൂപ) ആണ് വർഷ ഗോഹിലിന് ലഭിച്ചത്. 2002-ലാണ് വർഷ ഗോഹിൽ ഭർത്താവ് ഭദ്രേഷ് ഗോഹിലിനെതിരെ വിവാഹമോചനം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്. വിവാഹേതര ബന്ധവും അനുചിതമായ പെരുമാറ്റവുമാണ് കാരണങ്ങളായി അവർ ചൂണ്ടിക്കാട്ടിയത്. ഏകദേശം 270,000 പൗണ്ടും (ഏകദേശം 3.5 കോടി രൂപ) കുടുംബത്തിനുണ്ടായിരുന്ന കാറും നൽകാമെന്ന ധാരണ വർഷ ഗോഹിൽ അംഗീകരിച്ചു. ഭർത്താവിന്റെ യഥാർഥ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് വർഷയ്ക്ക് തോന്നിയിരുന്നെങ്കിലും അത് തെളിയിക്കാൻ ആവശ്യമായ രേഖകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ മുൻ നൈജീരിയൻ ഗവർണർ ജെയിംസ് ഇബോറിയുമായി ബന്ധമുള്ളവരുടെ വലിയൊരു കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ഭദ്രേഷ് ഗോഹിൽ ഉൾപ്പെട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.വിദേശ സ്ഥാപനങ്ങളിലൂടെയും ക്ലയന്റ് അക്കൗണ്ടുകളിലൂടെയും ലക്ഷക്കണക്കിന് പൗണ്ടുകൾ മാറ്റാൻ ഭദ്രേഷ് ഗോഹിൽ സഹായിച്ചു എന്ന് ആരോപണമുയർന്നു. അന്വേഷണത്തിനൊടുവിൽ കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നിവ തെളിഞ്ഞതോടെ 2011-ൽ ഭദ്രേഷ് ഗോഹിലിന് 10 വർഷം തടവുശിക്ഷ ലഭിച്ചു. വിവാഹമോചന കേസ് നടന്ന കാലയളവിൽ വെളിപ്പെടുത്തിയിട്ടില്ലാത്ത കോടിക്കണക്കിന് പൗണ്ടുകൾ വിലമതിക്കുന്ന സ്വത്തുക്കൾ ഭദ്രേഷ് ഗോഹിലിനുണ്ടെന്ന് കണ്ടെത്തി. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ശൃംഖലയിലൂടെ മറച്ചുവച്ചതായി ആരോപിക്കപ്പെട്ട ഏകദേശം 28 മില്യൺ പൗണ്ട് മരവിപ്പിക്കാൻ നീക്കം ആരംഭിച്ചു. വിവാഹമോചന ഒത്തുതീർപ്പിനായി ഭദ്രേഷ് വെളിപ്പെടുത്തിയ സ്വത്ത് വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞതോടെ ഉടലെടുത്ത തർക്കം ഒടുവിൽ യുകെ സുപ്രീംകോടതിയിലെത്തി. സ്വത്തുക്കൾ പൂർണ്ണമായി വെളിപ്പെടുത്താതിരുന്നതിലൂടെ പങ്കാളിക്ക് അതിന്റെ പ്രയോജനം ലഭിക്കില്ലെന്ന കണ്ടെത്തലിൽ സാമ്പത്തിക ഒത്തുതീർപ്പ് നടപടികൾ പുനരാരംഭിക്കാൻ 2015-ൽ സുപ്രീം കോടതി വർഷക്ക് അനുമതി നൽകി. എന്നാൽ അപ്പോഴും പോരാട്ടം അവസാനിച്ചില്ല.
Source link


