NEWS
ഭാര്യയെ വെട്ടിക്കൊന്ന കേസ്: പൊലീസിനെ കബളിപ്പിച്ച് പ്രതി, വഴിയിൽനിന്നു കിട്ടിയതെന്നു പറഞ്ഞ് ഫോൺ മൊബൈൽ ഷോപ്പിൽ നൽകി

തിരുവനന്തപുരം ∙ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കൊലപ്പെടുത്തിയ പ്രതി അതിനുശേഷം നടത്തിയത് പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങാനുള്ള ശ്രമങ്ങൾ. സംഭവം നടന്നതിനു തൊട്ടുപിന്നാലെ വീട്ടിൽനിന്ന് ഇറങ്ങിയ സുരേഷിന്റെ ഫോൺ സ്വിച്ച്ഡ് ഓഫായി. ഇതോടെ ആദ്യ മണിക്കൂറുകളിൽ പ്രതിക്കായുള്ള തിരച്ചിൽ ഇഴഞ്ഞുനീങ്ങി. മണിക്കൂറുകൾക്കുശേഷം ഓൺ ആയപ്പോൾ ഫോൺ കരമന കിള്ളിപ്പാലത്തിനു സമീപത്താണെന്ന് സൈബർ വിഭാഗം കണ്ടെത്തി. ഇതനുസരിച്ച് പ്രതിക്കായി ഈ ഭാഗത്ത് പരിശോധന നടത്തിയ പൊലീസ് എത്തിച്ചേർന്നത് ഒരു മൊബൈൽ ഷോപ്പിൽ. വഴിയിൽ കിടന്ന് കിട്ടിയതെന്നു പറഞ്ഞ് ഒരാൾ കടയിൽ ഏൽപിച്ച ഫോൺ ആണെന്നായിരുന്നു കടയുടമയുടെ മറുപടി.ഫോൺ ഓണാക്കി ഉപേക്ഷിച്ച് പൊലീസിന്റെ ശ്രദ്ധ തിരിച്ചശേഷം തമിഴ്നാട്ടിലേക്ക് മുങ്ങാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് സൂചനയുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.19 വർഷം മുൻപ് വിവാഹിതരായ ഹസീനയ്ക്കും സുരേഷിനും 4 മക്കളാണുള്ളത്. മൂത്ത പെൺകുട്ടി പ്ലസ്ടുവിനും രണ്ടാമത്തെ മകൻ പത്താം ക്ലാസിലും മൂന്നാമത്തെ മകൻ ആറിലും ഇളയ പെൺകുട്ടി നാലിലും പഠിക്കുന്നു. സുരേഷുമായി പിണങ്ങി ഹസീന കഴിഞ്ഞയാഴ്ച വീടുവിട്ടുപോയതോടെ ഈ അധ്യയന വർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ 4 കുട്ടികൾക്കും സ്കൂളിൽ പോകാനായില്ല. ഉമ്മ വീട്ടിൽ തിരിച്ചെത്തിയശേഷം പുസ്തകങ്ങളും ഭക്ഷണപ്പൊതികളുമായി ബാഗ് നിറച്ച് സ്കൂളിൽ പോയിത്തുടങ്ങാം എന്ന പ്രതീക്ഷയിലായിരുന്നു നാലുപേരും.
Source link


