BUSINESS
ഡി.കെ. ശിവകുമാർ ‘ത്രിശങ്കുവിൽ’; ഇരട്ട ടണൽ പദ്ധതിയിൽ ആരെ തള്ളും? അദാനിയെയോ രാഹുൽ ഗാന്ധിയെയോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദം മുതലെടുത്ത് വലിയ നേട്ടങ്ങളും ആനുകൂല്യങ്ങളും സ്വന്തമാക്കുന്നയാൾ എന്നാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിരന്തരം വിമർശിക്കുന്നത്. അതേ അദാനിക്ക് തന്റെ സ്വപ്ന പദ്ധതിയുടെ ചുമതല കർണാടക മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നുകൊണ്ട് ഡി.കെ. ശിവകുമാർ നൽകുമോ? ശിവകുമാർ ആരെ തള്ളും? അദാനിയെയോ രാഹുൽ ഗാന്ധിയെയോ?ബെംഗളൂരു നഗരവികസനത്തിന്റെ ചുമതലകൂടി വഹിക്കുന്ന മന്ത്രിയാണ് ശിവകുമാർ. നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ കെട്ടഴിക്കാൻ റോഡിന് വീതി കൂട്ടുന്നത് പ്രായോഗികമല്ലെന്ന് ശിവകുമാർ വ്യക്തമാക്കിയിട്ടുണ്ട്. പകരം, ആവിഷ്കരിക്കുന്നതാണ് ഹെബ്ബാളിനും സിൽക് ബോർഡ് ജംഗ്ഷനും ഇടയിലുള്ള 17 കിലോമീറ്റർ നീളുന്ന ടണൽ പദ്ധതി (തുരങ്കപ്പാത). പദ്ധതി യാഥാർഥ്യമായാൽ വാഹനക്കുരുക്ക് വലിയതോതിൽ കുറയ്ക്കാനാകുമെന്ന് കരുതുന്നു. പദ്ധതിക്കായുള്ള ടെൻഡറിൽ ഏറ്റവും കുറഞ്ഞതുക വാഗ്ദാനം ചെയ്തത് ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസ് ആണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് (പിപിപി മോഡൽ) പദ്ധതി നടപ്പാക്കുക. 17,698 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. തുരങ്കപ്പാത നിർമാണച്ചെലവിന്റെ 40% മാത്രമാണ് സംസ്ഥാന സർക്കാർ വഹിക്കുക. അതുകൊണ്ടുതന്നെ വലിയ ടോൾനിരക്കുള്ള പാതയായിരിക്കും ഇതെന്നാണ് സൂചനകൾ.ടെൻഡർ ലഭിക്കുന്നതിന് മുൻപേതന്നെ മണ്ണ് പരിശോധന ഉൾപ്പെടെ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളിലേക്ക് അദാനി കടന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. അദാനിയുമായി സഹകരിക്കാൻ എഐസിസിയുടെ അനുമതി ശിവകുമാറിന് കിട്ടിയേക്കുമെന്നാണ് ചില പാർട്ടി വൃത്തങ്ങൾ പറയുന്നത്. എങ്കിലും, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് നിർണായകമാകും. അദാനി നിലവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ വലിയ നിക്ഷേപ പദ്ധതികൾ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ മൊത്തം 22,000 കോടിയിലേറെ രൂപയുടെ പദ്ധതികൾ അദാനി നടപ്പാക്കുന്നു. കേരളത്തിന്റെ സുപ്രധാന വികസനപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനത്തിലും നിർണായക പങ്കാളിത്തം അദാനിക്കുണ്ട്. തമിഴ്നാട്ടിൽ 42,700 കോടിയുടെ നിക്ഷേപം ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അദാനിയെ പിണക്കാൻ കർണാടകയും തയ്യാറായേക്കില്ലെന്നാണ് നിരീക്ഷകവാദങ്ങൾ.
Source link


