BUSINESS

അയല്‍ സംസ്ഥാനങ്ങളേക്കാൾ ലീറ്ററിന് 10 രൂപ വരെ കൂടുതൽ! ഗ്യാസിനൊപ്പം പാലിനും വിലകൂട്ടി, വയറ്റത്തടി ചായകുടിക്കാർക്ക്


കൊച്ചി/ തിരുവനന്തപുരം∙ വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടിയതിനു പുറമേ മിൽമ പാലിന്റെയും തൈരിന്റെയും വില വർധനയും പ്രാബല്യത്തിലായി. മിൽമ പാലിന് ലീറ്ററിന് 4 രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയുമാണ് കൂട്ടിയത്. മറ്റു പാൽ ഉൽപന്നങ്ങൾക്കു വരുംദിവസങ്ങളിൽ വില കൂട്ടാനുള്ള നീക്കത്തിലാണ് മിൽമ. ഇതെത്തുടർന്ന് ഭക്ഷണ വിഭവങ്ങൾക്കും വില കൂട്ടിയിരിക്കുകയാണ് ഭൂരിഭാഗം ഹോട്ടലുകളും. ജോലി ആവശ്യത്തിനും പഠനാവശ്യത്തിനും മറ്റുമായി വീടുകളിൽ നിന്നു മാറിത്താമസിക്കുന്ന സാധാരണക്കാരാണ് ഇതോടെ ദുരിതത്തിലായത്. രണ്ടു നേരത്തെ ആഹാരത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്നവർ വിഭവങ്ങൾക്കു വില കൂട്ടിയതോടെ പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ്. പാൽ, തൈര് വില വർധന സാധാരണക്കാരുടെ അടുക്കള ബജറ്റിനെയും താളം തെറ്റിക്കും. പ്രതിദിനം, 18.5 ലക്ഷം ലീറ്റർ പാലും 1.60 ലക്ഷം കിലോ തൈരുമാണ് മിൽമ കേരളത്തിൽ വിൽക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് പെട്രോളിയം ഉൽപന്നങ്ങൾക്കും പ്ലാസ്റ്റിക്കിനും വില വർധിച്ചതും പ്ലാസ്റ്റിക് ഗ്രാന്യൂൾസിന്റെ ഇറക്കുമതി കുറഞ്ഞതും മിൽമയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഉൽപാദനച്ചെലവിൽ 30% വരെ വർധനയുണ്ടായി. പ്രതിസന്ധി തുടർന്നാൽ പാൽ ഉൽപന്നങ്ങൾക്കു വില കൂട്ടാതെ പിടിച്ചുനിൽക്കാനാകില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. മിൽമയുടെ ചുവടുപിടിച്ച് സംസ്ഥാനത്തെ സ്വകാര്യ പാൽ വിതരണ കമ്പനികളും വില കൂട്ടാനൊരുങ്ങുന്നെന്നാണു വിവരം. തമിഴ്നാട്, കർണാടക എന്നിവിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്ത് പാൽവില ലീറ്ററിന് 6 മുതൽ 10 രൂപ വരെ കൂടുതലാണ്.കഴിഞ്ഞ രണ്ടു മാസത്തിനിടെ ഹോട്ടലുകൾ ചായ, കാപ്പി ഉൾപ്പെടെയുള്ളവയ്ക്ക് 2–3 രൂപ വരെ കൂട്ടി. ചെറുകടികൾക്കു പലയിടത്തും മൂന്നു രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. ഊണിന് 5 മുതൽ 10 രൂപ വരെ കൂട്ടിയപ്പോൾ നെയ്റോസ്റ്റ്, മസാലദോശ തുടങ്ങിയ ദോശ വിഭവങ്ങൾക്ക് 2 രൂപ മുതൽ 5 രൂപ വരെ വർധിപ്പിച്ചു. ബിരിയാണിക്ക് 10 രൂപ വരെയാണ് കൂട്ടിയത്. എന്നാൽ എല്ലായിടത്തും വില കൂട്ടിയിട്ടില്ല. പല ഹോട്ടലുകളും കച്ചവടത്തെ ബാധിക്കുമെന്നു കരുതി ‌വിഭവങ്ങൾക്കു വില കൂട്ടാതെ പിടിച്ചു നിൽക്കുകയാണ്.സിലിണ്ടർ വിലയും പാൽവിലയും കൂട്ടിയത് ഹോട്ടൽ മേഖലയെ വലിയ പ്രതിസന്ധിയിലാക്കി. ഹോട്ടൽ ഭക്ഷണത്തിന്റെ വില ഒരു പരിധിയിലധികം വർധിപ്പിക്കാൻ കഴിയില്ല. ഇതിനു പുറമേ തൊഴിലാളി ക്ഷാമവും ഹോട്ടൽ മേഖലയെ വരിഞ്ഞുമുറുക്കുകയാണ്’’.ജി. ജയപാൽ


Source link

Back to top button