NEWS

‘വിശ്വഗുരു എന്ന് പറയുന്നു, ഒരു പരീക്ഷ പോലും നടത്താൻ കഴിയുന്നില്ല’: പ്രധാനമന്ത്രിക്കെതിരെ രാഹുൽ


ന്യൂഡൽഹി∙ രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം പൂർണമായും തകർത്തുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ‘വിശ്വഗുരു’ എന്ന് അവകാശപ്പെടുന്ന സർക്കാരിനു ഒരു പരീക്ഷ പോലും കൃത്യമായി നടത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള സിയുഇടി – യുജി 2026 പരീക്ഷ ഇന്നു നടന്നപ്പോൾ ചില കേന്ദ്രങ്ങളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് (എൻടിഎ) തകരാർ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.‘‘നീറ്റ്, സിബിഎസ്ഇ, എസ്എസ്‌സി, ഇന്ന് സിയുഇടി. നാലു പരീക്ഷകൾ. ഒരു കോടി വിദ്യാർഥികൾ. ഒന്നുപോലും കൃത്യമായി നടത്താൻ കഴിഞ്ഞില്ല’’ – എക്സിൽ ഹിന്ദിയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ രാഹുൽ ഗാന്ധി പറഞ്ഞു. ‘‘വിശ്വഗുരു എന്ന് അവകാശപ്പെടുന്നു, പക്ഷേ ഒരു പരീക്ഷ പോലും നടത്താൻ കഴിയുന്നില്ല. മോദിജി മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായവും പൂർണമായും തകർത്തു. നിങ്ങൾ ഭാവി നശിപ്പിക്കുന്ന അതേ തലമുറ തന്നെ നിങ്ങളോട് കണക്ക് ചോദിക്കും’’ – രാഹുൽ കുറ്റപ്പെടുത്തി.


Source link

Back to top button