NEWS
ഉത്തരക്കടലാസ് മാറിപ്പോയത് മനുഷ്യപ്പിഴവ്; ഹാക്ക് ചെയ്തത് ഡമ്മി സെർവർ: ഒഎസ്എം വിവാദത്തിൽ കമ്പനി

ന്യൂഡൽഹി∙ സിബിഎസ്ഇയുടെ പുതിയ ഓൺ-സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനത്തിൽ വ്യാപക തകരാറുണ്ടെന്ന ആരോപണം തള്ളി സാങ്കേതിക സേവനദാതാവായ കോഎംപ്റ്റ് എഡ്യു ടെക്. പരാതികൾ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും സാങ്കേതിക പിഴവല്ലെന്നും കമ്പനി സിഇഒ വി.എസ്.എൻ. രാജു വ്യക്തമാക്കി. ഹൈദരാബാദ് ആസ്ഥാനമായ കോഎംപ്റ്റാണ് 2026 ലെ ക്ലാസ് 12 പരീക്ഷ മുതൽ സിബിഎസ്ഇക്ക് ഡിജിറ്റൽ മൂല്യനിർണയ സേവനം നൽകുന്നത്. ഉത്തരക്കടലാസുകൾ മങ്ങിയത്, പേജുകൾ മാറിപ്പോയത്, പോർട്ടൽ തകരാർ തുടങ്ങിയ പരാതികൾ വിദ്യാർഥികൾ ഉയർത്തിയിരുന്നു. എന്നാൽ ‘‘മുഴുവൻ സംവിധാനവും തെറ്റാണെന്ന ആരോപണം പൂർണമായും തെറ്റാണ്’’ എന്നാണ് ദി ന്യൂസ്മിനിറ്റിനു നൽകിയ അഭിമുഖത്തിൽ രാജു പറഞ്ഞത്. പരാതികളെ ‘അപൂർവം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വേദാന്ത് ശ്രീവാസ്തവ കേസ് ‘മനുഷ്യപ്പിഴവ്’ ഡൽഹിയിലെ വിദ്യാർഥി വേദാന്ത് ശ്രീവാസ്തവയ്ക്കു ലഭിച്ച ഫിസിക്സ് ഉത്തരക്കടലാസ് തന്റേതല്ലെന്ന പരാതിയിൽ പ്രതികരിച്ച രാജു, പ്രാഥമിക അന്വേഷണത്തിൽ സ്കാനിങ്ങിലെ മനുഷ്യപ്പിഴവാണു കണ്ടെത്തിയതെന്നും പറഞ്ഞു. ‘‘സാങ്കേതികമായി ഒരു പിഴവുമില്ലെന്ന് 100% ഉറപ്പാണ്. സ്കാനിങ് നടത്തിയ സ്ഥലവും വ്യക്തിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണം തുടരുന്നു’’ – അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിച്ച 95% വിദ്യാർഥികൾക്കും ഇതിനകം കോപ്പി ലഭിച്ചതായും കമ്പനി ഉപയോഗിക്കുന്ന സ്കാനറുകൾ ഇൻഡസ്ട്രി സ്റ്റാൻഡേർഡ് ആണെന്നും രാജു അവകാശപ്പെട്ടു. മങ്ങിയ ഉത്തരക്കടലാസുകളുടെ പരാതി സിബിഎസ്ഇ പരിഹരിക്കുന്നുണ്ടെന്നും വിദ്യാർഥികൾക്ക് ഉടൻ കോപ്പി ലഭിക്കുമെന്നും പറഞ്ഞെങ്കിലും സമയപരിധി വ്യക്തമാക്കിയില്ല. തെലങ്കാന വിവാദം, പേര് മാറ്റം 2019 ലെ തെലങ്കാന ഇന്റർമീഡിയറ്റ് പരീക്ഷയിൽ 3.8 ലക്ഷം വിദ്യാർഥികൾ തോറ്റതും 20ൽ അധികം പേർ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉൾപ്പെട്ട ഗ്ലോബറീന ടെക്നോളജീസാണു പിന്നീട് കോഎംപ്റ്റ് എഡ്യു ടെക് ആയി പേരു മാറ്റിയത്. വിവാദത്തിൽനിന്ന് ഒഴിയാനല്ല പേരു മാറ്റിയതെന്നും എല്ലാ ക്ലയന്റ്സിനും ഇക്കാര്യം അറിയാമെന്നും രാജു പറഞ്ഞു. തെലങ്കാന കേസിൽ ഹൈക്കോടതിയും സുപ്രീംകോടതിയും കമ്പനിയെ കുറ്റവിമുക്തമാക്കിയിരുന്നു. 3.8 ലക്ഷം പേരിൽ 1,183 പേരെ മാത്രമാണ് പിന്നീട് ജയിപ്പിച്ചത്, അതായത് പിഴവ് 0.16% മാത്രമാണെന്ന് 2019 ൽ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
Source link


