SPORTS
‘സംഹാരതാണ്ഡവം’: ‘ബേബി ബോസി’നെ’ വാനോളം പുകഴ്ത്തി ഗെയ്ൽ, ഒപ്പം വമ്പൻ പ്രവചനവും; റെക്കോർഡ് നഷ്ടമായത് ‘അറിയാതെ’ വൈഭവ്!

മുല്ലൻപുർ ∙ ഐപിഎൽ എലിമിനേറ്റർ റൗണ്ടിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വിസ്മയ ബാറ്റിങ് കാഴ്ചവച്ച രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരൻ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. ട്വന്റി20 ചരിത്രത്തിലെ തന്നെ ഏറ്റവും അവിശ്വസനീയമായ ഇന്നിങ്സുകളിൽ ഒന്നുമായാണ് വൈഭവ് (29 പന്തിൽ 97) മത്സരത്തിൽ നിറഞ്ഞാടിയത്. ‘‘മികച്ച പ്രകടനം വൈഭവ് സൂര്യവംശി, ഐപിഎലിൽ ഒരു പുതിയ സിക്സ് മെഷീൻ’’– ഗെയ്ൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഐപിഎലിലെ വേഗമേറിയ സെഞ്ചറിയെന്ന ഗെയ്ലിന്റെ പേരിലുള്ള റെക്കോർഡ് മറികടക്കാനുള്ള അവസരം നേരിയ വ്യത്യാസത്തിൽ നഷ്ടമായ വൈഭവിനെ താരം ആശ്വസിപ്പിക്കുകയും ചെയ്തു. ‘‘ഒരു സംഹാരതാണ്ഡവമാണ് വൈഭവ് നടത്തിയത്. ഇത്തവണ നിർഭാഗ്യവാനായെങ്കിലും ഒരിക്കൽ അവിടെ എത്തിച്ചേരും.’’– ഗെയ്ൽ കൂട്ടിച്ചേർത്തു. അതേസമയം, ഐപിഎലിലെ വേഗമേറിയ സെഞ്ചറി എന്ന റെക്കോർഡ് നേരിയ വ്യത്യാസത്തിൽ നഷ്ടമായതിനെക്കുറിച്ച് മത്സരശേഷം വൈഭവ് സൂര്യവംശി പ്രതികരിച്ചു. സിക്സറുകൾ അടിക്കുന്നതിലും പരമാവധി റൺസ് നേടുന്നതിലുമായിരുന്നു തന്റെ ശ്രദ്ധയെന്ന് പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ശേഷം വൈഭവ് പറഞ്ഞു. ‘‘മത്സരത്തിന് ശേഷമാണ് ഞാൻ റെക്കോർഡ് നഷ്ടമായതിനെക്കുറിച്ച് അറിഞ്ഞത്. എന്റെ ശ്രദ്ധ സിക്സറുകൾ അടിക്കുന്നതിലായിരുന്നു. ഭാവിയിൽ ഞാൻ സെഞ്ചറികൾ നേടും, എന്നാൽ ടീമിനായി പരമാവധി റൺസ് കണ്ടെത്തുക എന്നതായിരുന്നു അപ്പോഴത്തെ ലക്ഷ്യം. ഞാൻ എന്റെ പ്ലാൻ അനുസരിച്ച് മാത്രമാണ് കളിക്കുന്നത്. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അതു പരിഹരിക്കാൻ ശ്രമിക്കാറുണ്ട്.’’– വൈഭവ് പറഞ്ഞു. മത്സരത്തിൽ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ വൈഭവിന്റെ കരുത്തിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദിന്റെ പോരാട്ടം 196ൽ അവസാനിച്ചു. ഇതോടെ നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ, ഗുജറാത്തിനെ നേരിടും. ഈ മത്സരത്തിലെ വിജയികൾ 31 നടക്കുന്ന ഫൈനലിൽ ബെംഗളൂരുവുമായി ഏറ്റുമുട്ടും. തോൽവിയോടെ ഹൈദരാബാദ് ടൂർണമെന്റിനു പുറത്തായി.
Source link


