NEWS
ഇറാനുമായി യുദ്ധവും സമാധാനവും; ഒമാനെയും ആക്രമിക്കുമെന്ന് ട്രംപിന്റെ ഭീഷണി, 5% ഇടിഞ്ഞ് എണ്ണ, കരകയറാൻ സ്വർണം, ഓഹരി

ഇറാനുമായുള്ള സമാധാന ചർച്ചകൾ വിജയിക്കാൻ എല്ലാ സാധ്യതകളുമുണ്ടെന്നും ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. വൈറ്റ്ഹൗസിൽ കാബിനറ്റ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റൂബിയോയുടെ വാക്കുകൾക്ക് പിന്നാലെ ക്രൂഡോയിൽ വില 5 ശതമാനത്തിലധികം ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 5.31% ഇടിഞ്ഞ് 94.29 ഡോളറിലെത്തി. യുഎസ് ക്രൂഡ് വില 88 ഡോളറിലേക്ക് താഴ്ന്നെങ്കിലും പിന്നീട് 1.23% ഉയർന്ന് 89.77 ഡോളറിലെത്തി.പൊളിഞ്ഞാൽ അതിശക്തമായ ആക്രമണം ചർച്ച പൊളിഞ്ഞാൽ പ്രസിഡന്റ് ട്രംപിന് മുന്നിൽ മറ്റ് വഴികളുണ്ടെന്നും റൂബിയോ പറഞ്ഞു. ഇറാനെ കൂടുതൽ ശക്തമായി ആക്രമിക്കാനുള്ള പ്ലാൻ ആണ് ട്രംപിനുള്ളത് എന്നാണ് റൂബിയോ നൽകുന്ന സൂചന. ഡീൽ തീർച്ചയായും വേണമെന്നാണ് ഇറാൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞിരുന്നു. എങ്കിലും, ചർച്ചകളിൽ ‘പ്രത്യക്ഷ’ പുരോഗതി കാണാത്ത പശ്ചാത്തലത്തിൽ, യുഎസ് സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്താനായി 1.5 ട്രില്യൻ ഡോളറിന്റെ (ഏകദേശം 140 ലക്ഷം കോടി രൂപ) അധിക മിലിട്ടറി ഫണ്ട് വേണമെന്ന് ട്രംപ് സർക്കാർ കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലെ ‘യുഎസിന്റെ ജോലി’ ഏത് വിധേനയും തീർക്കണമെന്നാണ് ട്രംപ് ഉയർത്തുന്ന വാദം.സമാധാനം കൊതിച്ച് വിപണി സമാധാന ഡീൽ ഉണ്ടാകുമെന്ന പ്രതീക്ഷയും എണ്ണവില ഇടിവും യുഎസ് ഓഹരികളെ ഇന്നലെ നേട്ടത്തിലെത്തിച്ചു. ഡൗ ജോൺസ് 0.36% ഉയർന്ന് പുത്തൻ ഉയരമായ 50,644ൽ എത്തി. എസ് ആൻഡ് പി500 സൂചിക ഇൻട്രാഡേയിൽ (വ്യാപാരത്തിനിടെ) 7520.36 എന്ന സർവകാല ഉയരംതൊട്ടു. ടെക് കമ്പനികൾക്ക് ആഭിമുഖ്യമുള്ള നാസ്ഡാക് കോംപസിറ്റ് നേരിയ നേട്ടവും കുറിച്ചു. ടെക് ഓഹരികളുടെ നേട്ടവും യുഎസ് ഓഹരികളെ മുന്നോട്ട് നയിക്കുകയാണ്. യുഎസിന്റെ ഏപ്രിലിലെ പണപ്പെരുപ്പക്കണക്ക് ഇന്ന് പുറത്തുവരുമെന്നതും ഓഹരികൾക്ക് നിർണായകമാകും.
Source link


