NEWS

ചക്കപ്പുഴുക്കും പഴുത്ത ചക്കയും ചക്കപായസവും ഇനി വർഷം മുഴുവൻ കഴിക്കാം, നേരെ ഇങ്ങോട്ട് പോന്നോളൂ

കതിരൂർ: കതിരൂരുകാർക്ക് ഇനി ചക്ക സീസൺ എന്നൊന്നില്ല, ഏത് കാലത്തും ചക്കയുടെ രുചി ആസ്വദിക്കാം. ചക്കപ്പുഴുക്കും, പലഹാരങ്ങളും, ചക്ക വറുത്തതും, പഴുത്ത ചക്കയും, പലതരം പായസങ്ങളുമെന്ന് വേണ്ട പുതുകാലത്തെ പ്രിയതരങ്ങളായ ഒട്ടേറെ വിഭവങ്ങൾ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നു. കതിരൂർ സർവീസ് സഹകരണ ബാങ്കിന് കീഴിലുള്ള മിൽമ ബൂത്ത് വികസിപ്പിച്ച് ഇവിടെ സ്വാദിഷ്ടമായ ചക്ക വിഭവങ്ങൾ ലഭ്യമാക്കും. പല ഭാഗങ്ങളിലായി ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നുണ്ട്. വൈവിദ്ധ്യമാർന്ന പത്തോളം സാമൂഹ്യക്ഷേമ പദ്ധതികൾ ഇതിനകം നടപ്പിലാക്കിയ കതിരൂർ ബാങ്കിന്റെ പുതിയ സംരംഭം അത്യന്തം ആവേശത്തോടെയാണ് പ്രത്യേകിച്ച് വനിതകൾ ഏറ്റെടുത്തത്.

കേരളത്തിന്റെ ഔദ്യോഗിക ഫലവും, ലോകത്തിലെ ഏറ്റവും വലിയ വൃക്ഷവിളയുമായ ‘ചക്ക’യുടെ വൈവിദ്ധ്യമാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് കതിരൂർ ബാങ്ക് ജാക്ക്ഫ്രൂട്ട് പ്രോസസിംഗ് യൂണിറ്റും കോൾഡ് സ്റ്റേറേജും തുടങ്ങി. നാട്ടിൽ സുലഭമായി ലഭിക്കുന്നതും, പാഴായി പോകുന്നതുമായ പഴവർഗ്ഗങ്ങൾ സംഭരിച്ച് വൈവിദ്ധ്യമാർന്ന മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്ന പ്രോസസ്സിംഗ് യൂണിറ്റാണ് ഇന്നലെ വെസ്റ്റ് പുല്ലോട്ടെ കാവുങ്കര ഇല്ലം കാർഷിക നഴ്സറിയിൽ പ്രവർത്തനമാരംഭിച്ചത്.

ഇനിയുള്ള നാളുകളിൽ നാനാ ഭാഗങ്ങളിൽ നിന്നുമായി നൂറുകണക്കിന് ചക്കകൾ ഇവിടെ വന്നെത്തും. കുണ്ടൂർ മലയിലെ ജാക്ക് ഫാമിൽ അഞ്ഞൂറോളം പ്ലാവുകൾ സംരക്ഷിച്ചു വരുന്നുണ്ട്. കാവുങ്കര ഇല്ലത്തെ വിശാലമായ പ്രോസസ്സിംഗ് സെന്റർ ഉദ്യാന സമാനമായ അതിമനോഹരമായ കാർഷിക നഴ്സറിയാണ്.

ചമത, കൂവളം, താന്നി, ഇരൂൾ, പുളി, പിരിയോല പന തുടങ്ങി ഒട്ടേറെ അപൂർവ്വ മരങ്ങളും ഇവിടെയുണ്ട്. വൃക്ഷലതാദികൾ കൊണ്ട് കുളിരാർന്ന കാവുങ്കര ഇല്ലത്ത് സായന്തനങ്ങൾ ചെലവഴിക്കാൻ ധാരാളം പ്രകൃതിദത്ത ഇരിപ്പിടങ്ങളുമുണ്ട്.

‘പ്ലാവിന്റെ അനന്തസാദ്ധ്യതകളെ നമുക്ക് വേണ്ടുംവിധം ഉപയോഗപ്പെടുത്താനാവുന്നില്ല.’

ബാങ്ക് പ്രസിഡന്റ്

ശ്രീജിത്ത് ചോയൻ


Source link
NEWS

Back to top button