NEWS

സ്റ്റെൽത്ത് വിമാനങ്ങൾ നിർമിക്കാൻ‍ ഇന്ത്യ; 15000 കോടിയുടെ പദ്ധതി, സ്വകാര്യ കമ്പനികൾക്ക് ക്ഷണം


ന്യൂഡൽഹി∙ അഞ്ചാം തലമുറയിൽപ്പെട്ട അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്റെ (എഎംസിഎ) അഞ്ച് മാതൃകകൾ വികസിപ്പിക്കുന്നതിനും നിർമിക്കുന്നതിനുമായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് കമ്പനികളിൽനിന്ന് പ്രതിരോധ മന്ത്രാലയം താൽപര്യപത്രം ക്ഷണിച്ചു. ഏകദേശം 15,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. നിലവിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎൽ) മാത്രമാണ് യുദ്ധവിമാനം നിർമിക്കുന്നത്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, എൽ ആൻഡ് ടിയും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ചേർന്ന സഖ്യം,  ഭാരത് ഫോർജും ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും ചേർന്ന സഖ്യം എന്നിവരാണ് മത്സര രംഗത്തുള്ളത്. അമേരിക്കൻ നിർമിത ജിഇ-414 എൻജിൻ കരുത്തുപകരുന്ന എഎംസിഎ, ഡിആർഡിഒയുടെ കീഴിലുള്ള എയറോനോട്ടിക് ഡെവലപ്‌മെന്റ് ഏജൻസിയുടെ രൂപകൽപ്പനയിലും വൈദഗ്ധ്യത്തിലുമായിരിക്കും നിർമിക്കുക. എഎംസിഎയുടെ ആദ്യ മാതൃക 2027 ന്റെ തുടക്കത്തിൽ പുറത്തിറക്കും. ആദ്യ പരീക്ഷണപ്പറക്കൽ 2028-2029 കാലയളവിൽ നടക്കും. ഇന്ത്യയിൽ നിർമിക്കുന്ന ഫ്രഞ്ച് സഫ്രാൻ എൻജിനുകൾ ഘടിപ്പിച്ച പുതിയ പതിപ്പുകളോടെ 2030ൽ ഈ യുദ്ധവിമാനത്തിന്റെ വലിയ തോതിലുള്ള ഉൽപാദനം ആരംഭിക്കും. ആന്ധ്രപ്രദേശിലെ പുട്ടപർത്തിയിലായിരിക്കും വിമാനങ്ങൾ നിർമിക്കുക.


Source link

Back to top button